12:48pm 03 October 2026
NEWS
ഖത്തർ-ചൈന സൗഹൃദം പുതിയ ഘട്ടത്തിലേക്ക്: വിവരസാങ്കേതികവിദ്യയിലുംഊർജ്ജമേഖലയിലും തന്ത്രപ്രധാന സഹകരണം
02/10/2026  09:10 AM IST
nila
ഖത്തർ-ചൈന സൗഹൃദം പുതിയ ഘട്ടത്തിലേക്ക്: വിവരസാങ്കേതികവിദ്യയിലുംഊർജ്ജമേഖലയിലും തന്ത്രപ്രധാന സഹകരണം

 


​ദോഹ: ഊർജ്ജം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സാമ്പത്തിക മേഖല തുടങ്ങി വിവിധ രംഗങ്ങളിൽ ഖത്തറും ചൈനയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക്. ജനകീയ സാംസ്കാരിക കൈമാറ്റങ്ങളും രാഷ്ട്രീയ കൂട്ടായ്മയും ശക്തമാക്കിക്കൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയാണെന്ന് ഖത്തറിലെ ചൈനീസ് അംബാസഡർ സാവോ സിയാവോലിൻ അറിയിച്ചു.  
​ചൈനീസ് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ 77-ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ച് ദോഹയിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തർ ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഥാനി, വിദേശകാര്യ മന്ത്രാലയം പ്രോട്ടോക്കോൾ ഡയറക്ടർ അംബാസഡർ ഇബ്രാഹിം യൂസഫ് അബ്ദുല്ല ഫഖ്റൂ, വിവിധ നയതന്ത്ര പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്.  
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയും തമ്മിൽ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സെപ്റ്റംബറിൽ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ ഥാനി ചൈന സന്ദർശിച്ചിരുന്നതായും അംബാസഡർ ചൂണ്ടിക്കാട്ടി.ചൈനയുടെ വികസന കാഴ്ചപ്പാടായ 'ബെൽറ്റ് ആൻഡ് റോഡ്' പദ്ധതിയുമായി ഖത്തറിന്റെ വികസന ലക്ഷ്യങ്ങളെ സമന്വയിപ്പിക്കും. അതിവേഗ റെയിൽ‌‌വേ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പരമ്പരാഗത-പുതിയ ഊർജ്ജ പദ്ധതികൾ എന്നിവയിൽ ചൈനീസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.
ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷങ്ങളിൽ ഉടനടി വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട അംബാസഡർ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെയും നയതന്ത്ര ഇടപെടലുകളെയും പ്രശംസിച്ചു.  ഇരുരാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസം, വിനോദസഞ്ചാരം, സാംസ്കാരിക കൈമാറ്റം എന്നിവയ്ക്ക് പുറമെ ജയന്റ് പാണ്ഡ സംരക്ഷണ ഗവേഷണ മേഖലയിലും സഹകരണം ശക്തമാക്കും.  
​ഖത്തറിന്റെ പരമാധികാരത്തെയും സുരക്ഷയെയും സ്ഥിരതയെയും ചൈന എന്നും പിന്തുണയ്ക്കുമെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ആഗോളതലത്തിലും മേഖലയിലും പുതിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും ചൈനീസ് അംബാസഡർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img