12:31am 12 November 2026
NEWS
മടങ്ങിയെത്തുന്നവർക്ക് താങ്ങായി ഖത്തർ ചാരിറ്റി; ബോസ്നിയൻ അഭയാർത്ഥി മന്ത്രാലയവുമായി സഹകരണ കരാർ
07/06/2026  09:51 AM IST
NILA
മടങ്ങിയെത്തുന്നവർക്ക് താങ്ങായി ഖത്തർ ചാരിറ്റി; ബോസ്നിയൻ അഭയാർത്ഥി മന്ത്രാലയവുമായി സഹകരണ കരാർ

 

ദോഹ: ബോസ്നിയ ഹെർസഗോവിനയിൽ സ്വന്തം നാടുകളിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെയും അഭയാർത്ഥികളുടെയും പുനരധിവാസത്തിനും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സംയുക്ത വികസന പദ്ധതികൾ നടപ്പാക്കാൻ ഖത്തർ ചാരിറ്റിയും (QC) ബോസ്നിയൻ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
​ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ ഡിസ്‌പ്ലേസ്ഡ് പേഴ്‌സൺസ് ആൻഡ് റെഫ്യൂജീസ് മന്ത്രാലയവുമായാണ് (Ministry of Displaced Persons and Refugees) ഖത്തർ ചാരിറ്റി സഹകരണ കരാറിൽ ഏർപ്പെട്ടത്. ഖത്തർ ചാരിറ്റി ബോസ്നിയൻ ബ്രാഞ്ച് ഡയറക്ടർ മുഹമ്മദ് വാഷനും ബോസ്നിയൻ ഫെഡറൽ മന്ത്രി നേരിൻ ദിസ്ദാറും ചേർന്നാണ് കരാർ ഒപ്പുവെച്ചത്. ചടങ്ങിൽ ഖത്തർ ചാരിറ്റി ബോസ്നിയൻ ബ്രാഞ്ച് ജനറൽ സൂപ്പർവൈസർ ഹസ്സൻ മുഹമ്മദ് അൽ നഈമി പങ്കെടുത്തു.
​കരാർ ഒപ്പിടുന്ന ചടങ്ങിൽ, നിലവിൽ ബോസ്നിയയിൽ ഖത്തർ ചാരിറ്റി നടത്തിവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇരുവിഭാഗവും വിലയിരുത്തുകയും സഹകരണം കൂടുതൽ ശക്തമാക്കാനുള്ള അവസരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. അടിസ്ഥാന ആവശ്യങ്ങൾ കണ്ടറിഞ്ഞ് മാനുഷിക-വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കുക, മടങ്ങിയെത്തുന്നവർക്ക് സാമ്പത്തിക സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കുക എന്നീ ഖത്തർ ചാരിറ്റിയുടെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ കരാർ.
​പദ്ധതികൾ കൃത്യമായി നടപ്പിലാക്കാനും അതിന്റെ ഗുണഫലം അർഹരിലേക്ക് എത്തിക്കാനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഹസ്സൻ മുഹമ്മദ് അൽ നഈമി പറഞ്ഞു. വികസന പദ്ധതികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സഹായങ്ങൾ ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നതിനും സർക്കാർ സംവിധാനങ്ങളുമായുള്ള ഇത്തരം പങ്കാളിത്തങ്ങൾ പ്രധാന പങ്കുവഹിക്കുമെന്ന് മുഹമ്മദ് വാഷൻ വ്യക്തമാക്കി.
​1994 മുതൽ ബോസ്നിയക്ക് ഖത്തർ നൽകിവരുന്ന തുടർച്ചയായ പിന്തുണയ്ക്ക് മന്ത്രി നേരിൻ ദിസ്ദാർ നന്ദി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം എന്നിവ മുൻനിർത്തിയുള്ള സംയുക്ത പദ്ധതികളിലൂടെ മടങ്ങിയെത്തുന്നവരുടെ ജീവിതനിലവാരം ഉയർത്താൻ ഈ ധാരണാപത്രം ഏറെ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img