
ദോഹ: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ഖത്തറിലും വിദേശരാജ്യങ്ങളിലുമുള്ള നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഖത്തർ ചാരിറ്റി (QC) 2026-ലെ വിദ്യാഭ്യാസ സഹായ പ്രചാരണത്തിന് തുടക്കമിട്ടു. "വിദ്യ പ്രമാണം" (Science as Stewardship) എന്ന പ്രമേയത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമായി 1,23,000 നിർധന വിദ്യാർത്ഥികളിലേക്ക് സഹായമെത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ കാരുണ്യ സംരംഭത്തിലേക്ക് ഉദാരമതികളും സ്ഥാപനങ്ങളും സംഭാവനകൾ നൽകണമെന്ന് ഖത്തർ ചാരിറ്റി കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ അസീസ് ജാസിം ഹിജ്ജി അഭ്യർത്ഥിച്ചു.
പലസ്തീൻ, യമൻ, സുഡാൻ, സൊമാലിയ, സിറിയ, ലബനൻ, ഘാന, നൈജീരിയ, കെനിയ, മാലി, ബുർക്കിന ഫാസോ, അൽബേനിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും സഹായം നൽകുന്നത്. സ്കൂൾ ബാഗുകൾ, യൂണിഫോം, പഠന സാമഗ്രികൾ, ഉച്ചഭക്ഷണം, സ്കൂളുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഇതിൽ ഉൾപ്പെടുന്നു.
ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിലെ കുട്ടികൾക്കും അനാഥർക്കും സ്കൂൾ-സർവ്വകലാശാല ട്യൂഷൻ ഫീസ്, യൂണിഫോം, ബാഗുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവ ലഭ്യമാക്കും.
ദുരന്തങ്ങളും സംഘർഷങ്ങളും നേരിടുന്ന പ്രദേശങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും, അവരെ സമൂഹത്തിന്റെ പ്രധാന ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഖത്തർ ചാരിറ്റി വ്യക്തമാക്കി.











