
ദോഹ: ബംഗ്ലാദേശിലെ നിർദ്ധന കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഖത്തർ ചാരിറ്റിയുടെ ജീവനോപാധി സഹായ പദ്ധതി. പാവപ്പെട്ട കുടുംബങ്ങൾക്ക് സ്ഥിരവരുമാനവും സ്വയംപര്യാപ്തതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതിയിലൂടെ 380 കുടുംബങ്ങളിലെ ആയിരത്തൊണ്ണൂറോളം (1,900) ആളുകൾക്കാണ് സഹായം ലഭിച്ചത്.
രാജാഷാഹിയിലെ ദുർഗാപൂരിൽ നടന്ന ചടങ്ങിൽ അർഹരായവർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു.ക്ഷണികമായ ആശ്വാസങ്ങൾ നൽകുന്നതിന് പകരം, പാവപ്പെട്ട കുടുംബങ്ങൾക്ക് നിത്യവരുമാന മാർഗ്ഗം കണ്ടെത്തി അന്തസ്സോടെ ജീവിക്കാൻ സഹായിക്കുന്ന ഖത്തർ ചാരിറ്റിയുടെയും ഖത്തറിലെ ജനങ്ങളുടെയും ഈ സുസ്ഥിര വികസന മാതൃകയെ ചടങ്ങിൽ പങ്കെടുത്ത പാർലമെന്റ് അംഗം പ്രൊഫസർ നസ്രുൾ ഇസ്ലാം മണ്ഡൽ പ്രശംസിച്ചു.
സഹായം കൈപ്പറ്റുന്ന അവസ്ഥയിൽ നിന്ന് സ്വന്തമായി തൊഴിൽ ചെയ്ത് ഉൽപ്പാദനക്ഷമതയുള്ളവരായി മാറാൻ ഈ പദ്ധതി ആളുകളെ പ്രാപ്തരാക്കുമെന്ന് ബംഗ്ലാദേശിലെ ഖത്തർ ചാരിറ്റി ഓഫീസ് ഡയറക്ടർ സകരിയ അൽ മുത്തൈരി വ്യക്തമാക്കി. തങ്ങളുടെ കുടുംബത്തിന് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ അവസരമൊരുക്കിയ ഖത്തർ ചാരിറ്റിക്കും ഖത്തർ ജനതയ്ക്കും ഉപഭോക്താക്കൾ നന്ദി രേഖപ്പെടുത്തി.











