
ദോഹ: ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഖത്തർ ചാരിറ്റിയുടെ അഖ്റബൂൺ സെന്റർ വിപുലമായ റമദാൻ കാമ്പെയ്ൻ ആരംഭിച്ചു. 100 ദശലക്ഷം ഖത്തർ റിയാൽ സമാഹരിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തിനകത്തുള്ള സാമൂഹിക സേവനങ്ങൾക്കായി പ്രത്യേകം രൂപീകരിച്ച അഖ്റബൂൺ സെന്ററിന്റെ ഈ വർഷത്തെ ഏറ്റവും വലിയ പ്രവർത്തനമാണിത്.
വിശുദ്ധ മാസത്തിന് മുന്നോടിയായി 60,000 പേർക്ക് ഷോപ്പിംഗ് വൗച്ചറുകൾ നൽകും. കൂടാതെ 10,000 പേർക്കായി ഭക്ഷണ കിറ്റുകളും വിതരണം ചെയ്യും.ഖത്തറിലെ ഉൽപ്പാദക കുടുംബങ്ങളുമായി ചേർന്ന് ദിവസവും 30,000 പേർക്ക് ചൂടുള്ള ഇഫ്താർ വിഭവങ്ങൾ എത്തിച്ചു നൽകും.10,000 പേർക്ക് സകാത്തുൽ ഫിത്തർ വിതരണം ചെയ്യും. അനാഥരായ കുട്ടികൾക്കായി പ്രത്യേക ഈദ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.നിലവിൽ 1,300 അനാഥർ ഉൾപ്പെടെ 1,600 പേർക്ക് സെന്റർ നേരിട്ട് സ്പോൺസർഷിപ്പ് നൽകുന്നുണ്ട്.സഹായം ആവശ്യമുള്ളവർക്ക് 'അഖ്റബൂൺ' ആപ്പ് വഴി അപേക്ഷിക്കാം. അപേക്ഷകൾ സോഷ്യൽ റിസർച്ച് ടീമുകൾ പരിശോധിച്ച് അർഹരായവർക്ക് അതിവേഗത്തിൽ സഹായമെത്തിക്കും.
സാമ്പത്തിക സഹായത്തിന് പുറമെ ആരോഗ്യം, വിദ്യാഭ്യാസം, താമസം തുടങ്ങിയ മേഖലകളിലും കടബാധ്യതയുള്ളവർക്കും തടവുകാരുടെ കുടുംബങ്ങൾക്കും സെന്റർ പ്രത്യേക പിന്തുണ നൽകുന്നു.











