
ദോഹ: സൊമാലിയയിൽ തുടരുന്ന കടുത്ത വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തര മാനുഷിക സഹായവുമായി ഖത്തർ ചാരിറ്റി. വടക്കുകിഴക്കൻ സൊമാലിയയിലെ 2,840 കുടുംബങ്ങൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഇതിലൂടെ ഏകദേശം 17,000-ത്തിലധികം ആളുകൾക്ക് സഹായം ലഭ്യമായി.
പോഷകാഹാരക്കുറവ് പരിഹരിക്കാനും ദുരിതബാധിതരുടെ ജീവൻ സംരക്ഷിക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ലാസ് അനോഡ് ജില്ലയും പരിസര ഗ്രാമങ്ങളും, തലേഹ്, ഹുദുൻ, ബൂഹൂഡിൽ എന്നിവിടങ്ങളിലാണ് വിതരണം നടന്നത്. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്കാണ് മുൻഗണന നൽകിയത്.
കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യമായ അവശ്യ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളാണ് നൽകിയത്.അന്താരാഷ്ട്ര കണക്കുകൾ പ്രകാരം സൊമാലിയയിലെ ജനസംഖ്യയുടെ പകുതിയോളം പേർ (ഏകദേശം 69 ലക്ഷം ആളുകൾ) നിലവിൽ അടിയന്തര മാനുഷിക സഹായം ആവശ്യമുള്ളവരാണ്.
വടക്കൻ സംസ്ഥാനത്തെ മാനുഷിക കാര്യ ദുരന്ത നിവാരണ മന്ത്രി മുഹമ്മദ് ദേരി ഫാരെ, ഖത്തറിലെ ജനങ്ങളുടെ ഉദാരമായ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഏറ്റവും ദുഷ്കരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ജനങ്ങളുടെ ദുരിതം കുറയ്ക്കാൻ ഖത്തർ ചാരിറ്റിയുടെ ഇടപെടലുകൾ സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൊമാലിയയിലെ ഖത്തർ ചാരിറ്റി ഓഫീസ് ഡയറക്ടർ അബ്ദുൽ ഫത്താഹ് ആദം മുഅല്ലിം, സഹായ പ്രവർത്തനങ്ങൾ തുടരുമെന്നും പ്രാദേശിക-അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് ദുരിതബാധിതർക്ക് പിന്തുണ നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.










