
ദോഹ: ലെബനനിലും മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (MENA) മേഖലയിലുമുള്ള 15,000-ത്തിലധികം വരുന്ന അഭയാർത്ഥികളെയും ആഭ്യന്തരമായി പലായനം ചെയ്യേണ്ടിവന്ന ദുർബലരായ ജനങ്ങളെയും സഹായിക്കുന്നതിനായി ഖത്തർ ചാരിറ്റിയും ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയും രണ്ട് പുതിയ സഹകരണ കരാറുകളിൽ ഒപ്പുവെച്ചു.
ദോഹയിൽ നടന്ന ചടങ്ങിൽ യു.എൻ.എച്ച്.സി.ആർ ഖത്തർ പ്രതിനിധി അഹമ്മദ് മൊഹ്‌സിൻ, ഖത്തർ ചാരിറ്റി പ്രോഗ്രാംസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി സി.ഇ.ഒ നവാഫ് അബ്ദുള്ള അൽ ഹമ്മാദി എന്നിവർ കരാറുകളിൽ ഒപ്പുവെച്ചു. 2024-ൽ ഇരുപക്ഷവും ഒപ്പുവെച്ച താൽപ്പര്യപത്രത്തിന്റെ (Letter of Intent) തുടർച്ചയായാണ് ഈ പുതിയ നീക്കം. ആകെ 30,79,324 ഖത്തറി റിയാൽ (ഏകദേശം 8,44,808 അമേരിക്കൻ ഡോളർ) ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഗ്ലോബൽ ഇസ്‌ലാമിക് ഫണ്ട് ഫോർ റഫ്യൂജീസിന്റെ (GIFR) ട്രസ്റ്റി എന്ന നിലയിൽ ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് (IsDB) ഖത്തർ ചാരിറ്റിയുമായി 10 മില്യൺ അമേരിക്കൻ ഡോളറിന്റെ തന്ത്രപ്രധാനമായ സംഭാവന കരാറിലും ഒപ്പുവെച്ചു. 2025 ഡിസംബറിൽ നടന്ന ഗ്ലോബൽ റഫ്യൂജി ഫോറം പ്ലീനറി സെഷനിൽ പ്രഖ്യാപിച്ച വാഗ്ദാനത്തിന്റെ പൂർത്തീകരണമാണിത്. പലായനം ചെയ്യേണ്ടിവന്ന ജനങ്ങൾക്കായി സുസ്ഥിരവും നൂതനവുമായ ധനസഹായം ഉറപ്പാക്കുന്നതിൽ ഖത്തർ ചാരിറ്റിയുടെ വലിയൊരു നാഴികക്കല്ലാണിത്.
കരാറിന്റെ ഭാഗമായി, യു.എൻ.എച്ച്.സി.ആറും ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കും സംയുക്തമായി നയിക്കുന്ന ഗ്ലോബൽ ഇസ്‌ലാമിക് ഫണ്ട് ഫോർ റഫ്യൂജീസിന്റെ സ്റ്റീയറിംഗ് കമ്മിറ്റിയിൽ ഖത്തർ ചാരിറ്റി അംഗമാകും. വിവിധ അംഗരാജ്യങ്ങളിലെ ഫണ്ട് വിനിയോഗത്തിന് മാർഗ്ഗനിർദ്ദേശം നൽകാൻ ഈ കമ്മിറ്റിയിലൂടെ സാധിക്കും. കഴിഞ്ഞ നവംബറിൽ ഇരുവിഭാഗവും തമ്മിൽ നടത്തിയ തന്ത്രപ്രധാനമായ ചർച്ചകളുടെ തുടർച്ച കൂടിയായ ഈ നീക്കം, വരും നാളുകളിൽ കൂടുതൽ വിപുലമായ സഹകരണത്തിന് വഴിയൊരുക്കും.











