
ദോഹ: ഖത്തർ ചേംബറിന്റെ (QC) ഈ വർഷത്തെ രണ്ടാമത് ജനറൽ അസംബ്ലി യോഗം ജൂൺ 4 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലുസൈലിലെ ചേംബർ ആസ്ഥാനത്ത് നടക്കും. കോറം തികയാത്തതിനെ തുടർന്ന് മാറ്റിവെച്ച യോഗമായതിനാൽ, നാളത്തെ യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം എത്രയായാലും യോഗം സാധുവായിരിക്കുമെന്ന് ഖത്തർ ചേംബർ അറിയിച്ചു. ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം അൽഥാനി യോഗത്തിൽ അധ്യക്ഷത വഹിക്കും.
നേരത്തെ മെയ് 11-നായിരുന്നു ആദ്യ ജനറൽ അസംബ്ലി യോഗം നിശ്ചയിച്ചിരുന്നതെങ്കിലും ആവശ്യത്തിന് അംഗങ്ങൾ പങ്കെടുക്കാത്തതിനാൽ മാറ്റിവെക്കുകയായിരുന്നു. മെയ് 11 വരെയുള്ള വാർഷിക വരിസംഖ്യ കുടിശ്ശിക തീർത്ത അംഗങ്ങൾക്ക് മാത്രമായിരിക്കും നാളത്തെ യോഗത്തിലേക്ക് പ്രവേശനം. യോഗം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.
വ്യക്തിഗത സ്ഥാപനങ്ങളുടെ (Individual Establishments) ഉടമസ്ഥർക്കോ അല്ലെങ്കിൽ കൊമേഴ്സ്യൽ രജിസ്റ്ററിൽ പേരുള്ള അവരുടെ ഔദ്യോഗിക പ്രതിനിധികൾക്കോ യോഗത്തിൽ പങ്കെടുക്കാം. കമ്പനികളെ പ്രതിനിധീകരിച്ച് ഒപ്പിടാൻ അധികാരമുള്ള (Authorised Signatories) പ്രതിനിധികളിൽ ഒരാൾക്ക് യോഗത്തിൽ പങ്കെടുക്കാവുന്നതാണ്.










