
ദോഹ: യുവ സംരംഭകർക്കിടയിൽ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും നിയമപരമായ അവകാശങ്ങളെക്കുറിച്ചും ധാരണയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ ചേംബർ പ്രത്യേക ശിൽപ്പശാല സംഘടിപ്പിച്ചു. 'നിങ്ങളുടെ ഭാവി അപകടത്തിലാക്കരുത്: യുവാക്കൾക്കായി സാമ്പത്തിക-നിയമ ബോധവൽക്കരണത്തിന്റെ അടിസ്ഥാന പാഠങ്ങൾ' എന്ന പ്രമേയത്തിൽ ഓൺലൈനായാണ് പരിപാടി നടന്നത്.
യങ്ങ് ഒന്റർപ്രണേഴ്സ് ക്ലബ്ബുമായി (Young Entrepreneurs Club) സഹകരിച്ചായിരുന്നു ഈ സംരംഭം. മികച്ച രീതിയിലുള്ള സാമ്പത്തിക ആസൂത്രണം വഴി ബിസിനസ്സിലെ അപകടസാധ്യതകൾ എങ്ങനെ ഒഴിവാക്കാം എന്നതിലായിരുന്നു ശിൽപ്പശാല പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്.അഡ്വക്കേറ്റ് ആയിഷ അൽ മദീദ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. യുവസംരംഭകർക്ക് അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ ആവശ്യമായ പ്രായോഗിക അറിവുകൾ പകർന്നുനൽകാൻ ഈ ക്ലാസ്സുകൾക്ക് സാധിച്ചുവെന്ന് ഖത്തർ ചേംബർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഫാത്തിമ അൽ കുവാരി പറഞ്ഞു.
വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി യുവാക്കളുടെ തൊഴിൽപരവും സാമ്പത്തികവുമായ സ്ഥിരത ഉറപ്പാക്കാൻ ഖത്തർ ചേംബർ ഇത്തരം പരിശീലന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.










