
ദോഹ: അതിരുകളും ഭാഷാഭേദങ്ങളും ഭേദിച്ച് ഹൃദയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആഗോള ഭാഷയായ സംഗീതത്തിന്റെ പ്രാധാന്യം വിളിച്ചോതി ഖത്തർ ലോക സംഗീതദിനം (ജൂൺ 21) ആഘോഷിച്ചു. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള മ്യൂസിക് അഫയേഴ്സ് സെന്ററിന്റെ (സംഗീതകാര്യ കേന്ദ്രം) നേതൃത്വത്തിലാണ് പാരമ്പര്യ സംരക്ഷണം മുൻനിർത്തിയുള്ള വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സമൂഹത്തിന്റെ വ്യക്തിത്വവും ചരിത്രവും പ്രതിഫലിപ്പിക്കുന്ന ഉത്കൃഷ്ടമായ കലാരൂപമാണ് സംഗീതമെന്നും, സാംസ്കാരിക സംവാദങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നും ആഗോള സംഗീതദിനം ഓർമ്മിപ്പിക്കുന്നു.മനുഷ്യ സംസ്കാരത്തിൽ സംഗീതത്തിനുള്ള കേന്ദ്രസ്ഥാനം എത്രത്തോളമാണെന്ന് മ്യൂസിക് അഫയേഴ്സ് സെന്റർ ഡയറക്ടർ ഖാലിദ് അൽ സാലിം ചടങ്ങിൽ ഊന്നിപ്പറഞ്ഞു.വാക്കുകൾക്ക് അതീതമായി ഹൃദയങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്ന ഭാഷയാണ് സംഗീതം. ഈ ലോക സംഗീതദിനത്തിൽ, സംഗീതരംഗത്തെ സർഗ്ഗാത്മകതയെ പിന്തുണയ്ക്കാനും പുതിയ പ്രതിഭകളെ വളർത്തിയെടുക്കാനും വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ പാലമായി സംഗീതത്തെ മാറ്റാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ പുതുക്കുകയാണെന്ന് മ്യൂസിക് അഫയേഴ്സ് സെന്റർഡയറക്ടർഖാലിദ് അൽ സാലിംപറഞ്ഞു.
ഖത്തറിന്റെ സംഗീത മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിനായി മന്ത്രാലയം നടപ്പിലാക്കുന്ന പ്രത്യേക പരിശീലന പരിപാടികളെക്കുറിച്ചും പുതിയ കലാകാരന്മാരെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.യുവതലമുറയുടെ സംഗീതവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി, ഷെർബോൺ സ്കൂൾ ഖത്തർ (Sherborne School Qatar) രാജ്യത്തെ മറ്റ് സ്കൂളുകളുമായി സഹകരിച്ച് സംഘടിപ്പിച്ച 'റൈസിങ് സ്റ്റാർസ് 2026' മത്സരത്തിലും കേന്ദ്രം സജീവ പങ്കാളികളായി. മ്യൂസിക് അഫയേഴ്സ് സെന്റർ ഡയറക്ടർ ഖാലിദ് അൽ സാലിം, പ്രശസ്ത ഊദ് (Oud) വാദകനും കേന്ദ്രത്തിലെ അംഗവുമായ അബ്ദുൾ അസീസ് സ്വാലിഹ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കഴിഞ്ഞ ശനിയാഴ്ച മാൾ ഓഫ് ഖത്തറിൽ (Mall of Qatar) സമാപിച്ച ഈ മത്സരം യുവ സംഗീതജ്ഞരുടെ മികച്ച കഴിവുകൾ പുറത്തെടുക്കുന്നതിനുള്ള വേദിയായി മാറി. വരുംതലമുറയ്ക്ക് തങ്ങളുടെ സംഗീത നൈപുണ്യം വികസിപ്പിക്കാൻ ഇത്തരം പ്ലാറ്റ്ഫോമുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ചടങ്ങ് അടിവരയിടുന്നു.
ദേശീയ സ്വത്വത്തിന്റെയും സർഗ്ഗാത്മക ആവിഷ്കാരത്തിന്റെയും പ്രധാന തൂണായി സംഗീതത്തെ പ്രതിഷ്ഠിക്കാനും, ഖത്തറിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനുമുള്ള ലക്ഷ്യബോധത്തോടെയാണ് മ്യൂസിക് അഫയേഴ്സ് സെന്റർ മുന്നോട്ട് പോകുന്നത്.










