01:45am 18 April 2026
NEWS
കുടുംബബന്ധങ്ങളുടെ കരുത്തിന് പച്ചപ്പണിഞ്ഞ് ഖത്തർ; അശ്ഗാലിന്റെ ആദരം
16/04/2026  09:56 PM IST
കുടുംബബന്ധങ്ങളുടെ കരുത്തിന് പച്ചപ്പണിഞ്ഞ് ഖത്തർ; അശ്ഗാലിന്റെ ആദരം

 

പി വി എ നാസർ 

​ദോഹ:സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മഹനീയരൂപമായ കുടുംബം എന്ന സങ്കൽപ്പത്തിന് ആദരമർപ്പിച്ച് ഖത്തർ കുടുംബദിനത്തിൽ രാജ്യത്തെ പ്രധാന പാതകളും സ്മാരകങ്ങളും ഹരിതാഭമായി. ഖത്തറിലെ പൊതുമരാമത്ത് വകുപ്പായ 'അശ്ഗാൽ' ഇന്നലെ (ബുദ്ധനാഴ്ച)രാത്രി നഗരഹൃദയത്തിലെ പ്രധാന ഇടങ്ങളെ പച്ച വെളിച്ചത്തിൽ കുളിപ്പിച്ചത്.
​സമൂഹത്തിന്റെ നെടുംതൂണായ കുടുംബബന്ധങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ ദീപാലങ്കാരം. രാജ്യത്തെ പ്രധാന ഗതാഗത ധമനിയായ സബാഹ് അൽ അഹമ്മദ് കോറിഡോറും, ദോഹയുടെ പ്രൗഢി വിളിച്ചോതുന്ന ആർച്ച് ഇന്റർചേഞ്ചും പച്ചപ്പട്ടണിഞ്ഞു നിന്ന കാഴ്ചനയനമനോഹരമായിരുന്നു.​മൂല്യങ്ങൾ വളർത്തുന്നതിനും സമൂഹത്തിൽ ഐക്യം നിലനിർത്തുന്നതിനും കുടുംബങ്ങൾ നൽകുന്ന നിസ്തുലമായ സംഭാവനകളെ ഈ പ്രതീകാത്മകമായ തിളക്കം ഓർമ്മിപ്പിച്ചു. എല്ലാ വർഷവും ഏപ്രിൽ 15-ന് ആചരിക്കുന്ന ഖത്തർ കുടുംബദിനം കുടുംബഭദ്രതയ്ക്കും സാമൂഹിക സുരക്ഷിതത്വത്തിനും രാജ്യം നൽകുന്ന വലിയ പ്രാധാന്യത്തിന്റെ അടയാളം കൂടിയാണ്.
​ബന്ധങ്ങളുടെ ഊഷ്മളതയും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് ദോഹയുടെ വഴിയോരങ്ങൾ ഹരിതപ്രഭയിൽ തിളങ്ങിനിന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img