06:24am 13 November 2026
NEWS
അർബുദരോഗികൾക്ക് തണലായി ഖത്തർ ക്യാൻസർ സൊസൈറ്റി; കഴിഞ്ഞ വർഷം ചെലവഴിച്ചത് 50 ദശലക്ഷം റിയാൽ
02/05/2026  12:52 PM IST
nila
അർബുദരോഗികൾക്ക് തണലായി ഖത്തർ ക്യാൻസർ സൊസൈറ്റി; കഴിഞ്ഞ വർഷം ചെലവഴിച്ചത് 50 ദശലക്ഷം റിയാൽ

 

 

​ദോഹ: സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അർബുദ ചികിത്സ തടസ്സപ്പെടുന്നവർക്ക് ആശ്വാസവുമായി ഖത്തർ ക്യാൻസർ സൊസൈറ്റി (QCS). 2025-ൽ മാത്രം ഖത്തറിലെ 1,750-ഓളം രോഗികൾക്കായി ഏകദേശം 50 ദശലക്ഷം റിയാലിന്റെ സാമ്പത്തിക സഹായം നൽകിയതായി സൊസൈറ്റി ചെയർമാൻ ഷെയ്ഖ് ഡോ. ഖാലിദ് ബിൻ ജാബർ അൽ താനി അറിയിച്ചു.
​ചികിത്സാ ചെലവ് കണ്ടെത്താൻ പ്രയാസപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രത്യാശ നൽകുന്നതാണ് സൊസൈറ്റിയുടെ ഈ പ്രവർത്തനം. മുതിർന്നവർക്കും കുട്ടികൾക്കും ഉൾപ്പെടെ 49 ദശലക്ഷം റിയാലാണ് കഴിഞ്ഞ വർഷം ചികിത്സാ സഹായമായി കൈമാറിയത്.സഹായം തേടുന്നവർക്കായി നടപടിക്രമങ്ങൾ സൊസൈറ്റി ലളിതമാക്കിയിട്ടുണ്ട്. 'വയ്യാക്കും' (Wayyakom) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ആർക്കും ചികിത്സാ സഹായത്തിനായി അപേക്ഷിക്കാം. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്താൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ അപേക്ഷ പരിശോധിച്ചു അനുമതി നൽകുന്ന രീതിയിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഈ നൂതന സംവിധാനത്തിന് ഹിസ് ഹൈനസ് അമീറിന്റെ പ്രത്യേക പുരസ്കാരവും സൊസൈറ്റിക്ക് ലഭിച്ചിട്ടുണ്ട്.1,200-ഓളം പേർക്ക് നേരിട്ടും 40,000-ഓളം പേർക്ക് പരോക്ഷമായും മാനസിക-സാമൂഹിക പിന്തുണ നൽകാൻ സൊസൈറ്റിക്ക് സാധിച്ചു.ക്യാൻസർ അവയർനസ് സെന്റർ വഴി 66 ലക്ഷത്തിലധികം ആളുകളിലേക്ക് പരോക്ഷമായി ബോധവൽക്കരണ സന്ദേശങ്ങൾ എത്തിച്ചു. 18,950 പേർ വിവിധ വർക്ക്ഷോപ്പുകളിൽ നേരിട്ട് പങ്കെടുത്തു.ഹമദ് മെഡിക്കൽ കോർപ്പറേഷൻ, സിദ്ര മെഡിസിൻ, പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ എന്നിവയുമായി സഹകരിച്ച് നഴ്സുമാർക്കും ഡോക്ടർമാർക്കും പ്രത്യേക പരിശീലന പരിപാടികളും സൊസൈറ്റി നൽകിവരുന്നു.
​ചികിത്സാ സഹായത്തോടൊപ്പം രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വൈകാരികമായ കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ ക്യാൻസർ സൊസൈറ്റി പ്രവർത്തിക്കുന്നതെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img