
ദോഹ: ഖത്തർ കാൻസർ സൊസൈറ്റി (QCS) സംഘടിപ്പിക്കുന്ന ആഗോള മാനവിക പരിപാടിയായ ‘റിലേ ഫോർ ലൈഫ് 2025’ ഒക്ടോബർ 31ന് വെള്ളിയാഴ്ച അസ്പയർ ഇൻഡോർ ട്രാക്കിൽ വൈകിട്ട് 3 മുതൽ രാത്രി 8 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ലോകത്തിലെ 30-ലധികം രാജ്യങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടി ജീവിതത്തെ ആഘോഷിക്കാനും കാൻസർ അതി ജീവിച്ചവരെ ആദരിക്കാനും, നഷ്ടപ്പെട്ടവരെ അനുസ്മരിക്കാനും, കാൻസറിനെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ ഐക്യബോധം പുതുക്കാനുമുള്ള അതുല്യ അവസരമാണ്.
നിരന്തരമായ നാലുമണിക്കൂറിന്റെ നടപ്പ് എന്നതിലൂടെ കാൻസറിനെതിരായ തുടരുന്ന പോരാട്ടത്തിന്റെ പ്രതീകമായി ഈ പരിപാടി വ്യത്യസ്തമാകുന്നു. രോഗികളും അവരുടെ കുടുംബാംഗങ്ങളും കാണിക്കുന്ന ധൈര്യത്തെയും പ്രതീക്ഷയെയും പ്രതിനിധീകരിക്കുന്ന ഈ പരിപാടി, സമൂഹ ഐക്യവും സഹകരണവും ഉറപ്പാക്കാൻ സഹായിക്കുന്നതായും സംഘാടകർ പറഞ്ഞു.
കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന വിദ്യാഭ്യാസ-വിനോദ പരിപാടികളും എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിവിധ പ്രവർത്തനങ്ങളുമാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കാൻസർ ജയിച്ചവരുടെ പ്രചോദനാത്മക ജീവിതകഥകളും അവരുടേതായ പോരാട്ടാനുഭവങ്ങളും മറ്റുള്ളവർക്ക് പ്രതീക്ഷയുടെയും ധൈര്യത്തിന്റെയും സന്ദേശമായി അവതരിപ്പിക്കും. അതോടൊപ്പം, കാൻസർ മൂലം നഷ്ടമായ പ്രിയപ്പെട്ടവരെ അനുസ്മരിക്കുന്ന ഹൃദയസ്പർശിയായ നിമിഷങ്ങളും ഉൾപ്പെടും.
കാൻസർ പ്രതിരോധത്തിന്റെ പ്രാധാന്യം, രോഗനിർണയത്തിലെ പുതുമകൾ, രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭ്യമായ മാനസിക-സാമൂഹിക പിന്തുണ തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ സെഷനുകളും ഉണ്ടായിരിക്കും.
'റിലേ ഫോർ ലൈഫ്' ഒരു കായിക പരിപാടി മാത്രമല്ല; പ്രതീക്ഷയും മനുഷ്യ ഐക്യവും പ്രതിനിധീകരിക്കുന്ന ഒരു പ്രതീകമാണ്. ഓരോ രോഗിയോടും ‘നിങ്ങൾ ഒറ്റയാളല്ല’ എന്ന സന്ദേശം നൽകുകയാണ് ഇതിലൂടെ.”
അദ്ദേഹം കൂട്ടിച്ചേർത്തു: “കാൻസറിനെതിരെ സംയുക്തമായി പോരാടാനും ആരോഗ്യമുള്ള സമൂഹം നിർമ്മിക്കാനുമുള്ള പ്രതിജ്ഞ പുതുക്കുന്നതിനുള്ള വേദിയാണ് ഈ പരിപാടിയെന്ന്ഖത്തർ കാൻസർ സൊസൈറ്റിയുടെ കമ്മ്യൂണിറ്റി പാർട്ണർഷിപ്പ് യൂണിറ്റ് മേധാവി സകരിയ കാർസൂൻ പറഞ്ഞു.











