
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന ഖത്തർ മന്ത്രിസഭായോഗം പ്രാദേശികവും അന്തർദേശീയവുമായ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. മേഖലയിലെ സുസ്ഥിരത ഉറപ്പാക്കുന്നതിനായുള്ള വിവിധ തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു.അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകിയ പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളെ യോഗം അഭിനന്ദിച്ചു. മേഖലയിലെ സമാധാനം നിലനിർത്തുന്നതിനും അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശത്രുതകൾ ഉടനടി അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഖത്തർ ഊന്നിപ്പറഞ്ഞു.
കോംഗോ പ്രസിഡന്റ്, ഇറ്റാലിയൻ പ്രധാനമന്ത്രി എന്നിവരുടെ ദോഹ സന്ദർശനവും ചർച്ചകളും ഇരുരാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയതായി യോഗം വിലയിരുത്തി.രാജ്യത്തെ പൊതു-സ്വകാര്യ സർക്കാർ സ്വത്തുക്കൾ പുനഃക്രമീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഇത് ആധുനിക റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സംവിധാനവുമായി ബന്ധിപ്പിക്കും.ജിസിസി രാജ്യങ്ങളിലെ അതിർത്തികളിൽ ഏകീകൃത ആരോഗ്യ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിനുള്ള മാനുവലിനും, മരുന്നുകളുടെയും മെഡിക്കൽ സാമഗ്രികളുടെയും തന്ത്രപ്രധാനമായ ശേഖരം നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗരേഖയ്ക്കും അംഗീകാരം ലഭിച്ചു.സാമൂഹിക സേവന രംഗത്തെ മികവിനായി ഏർപ്പെടുത്തിയ പ്രഥമ 'റൗദ അവാർഡ്' ജേതാക്കളെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആദരിച്ചതിനെ മന്ത്രിസഭ പ്രകീർത്തിച്ചു.
സൈബർ സുരക്ഷാ തന്ത്രം 2024-2030 ന്റെ പുരോഗതിയും ലോക സാമ്പത്തിക ഫോറത്തിലെ ഖത്തറിന്റെ പങ്കാളിത്തവും യോഗം അവലോകനം ചെയ്തു.











