
ദോഹ: ഹോർമുസ് കടലിടുക്കിന് സമീപം ഖത്തറിന്റെ എൽ.എൻ.ജി വാഹക കപ്പലായ 'അൽ റെക്കയ്യാത്ത്' ആക്രമിക്കപ്പെട്ട സംഭവത്തെ ഖത്തർ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത് എന്നിവരുടെ താൽപ്പര്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യോഗം വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി തങ്ങളുടെ ആസ്തികൾ സംരക്ഷിക്കാൻ ഖത്തറിന് പൂർണ്ണ അവകാശമുണ്ടെന്ന് യോഗം മുന്നറിയിപ്പ് നൽകി.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര സമുദ്ര സുരക്ഷയുടെ ഗുരുതരമായ ലംഘനവും ആഗോള ഊർജ്ജ സുരക്ഷയ്ക്കും പ്രാദേശിക സ്ഥിരതയ്ക്കും ഭീഷണിയുമാണ് ഈ ആക്രമണമെന്ന് യോഗത്തിന് ശേഷം നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദി പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം അപകടകരമായ നടപടികൾ ഇറാൻ ഉടൻ നിർത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗദി എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തെയും ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ചുകൊണ്ടുള്ള നീക്കങ്ങളെയും ഖത്തർ അപലപിച്ചു.
സുപ്രധാനമായ നിയമനിർമ്മാണങ്ങൾക്കും വിവിധ മേഖലകളിലെ പരിഷ്കരണങ്ങൾക്കും ബുധനാഴ്ച ചേർന്ന പ്രതിവാര യോഗം അംഗീകാരം നൽകി.
റോഡ് സുരക്ഷയും ഗതാഗത സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ പുതിയ ട്രാഫിക് ബില്ലിന് ശൂറ കൗൺസിൽ നൽകിയ അംഗീകാരം മന്ത്രിസഭ രേഖപ്പെടുത്തി.1987-ലെ പഴയ നിയമത്തിന് പകരം മുനിസിപ്പാലിറ്റി മന്ത്രാലയം തയ്യാറാക്കിയ
സർക്കാർ സ്വത്തിന്റെ
പുതിയ നിയമം നടപ്പിലാക്കും. പൊതു-സ്വകാര്യ സർക്കാർ സ്വത്തുക്കളുടെ ദുരുപയോഗം തടയാനും ഭൂമി രജിസ്ട്രേഷൻ സംവിധാനം നവീകരിക്കാനും ഇത് സഹായിക്കും.ഖത്തർ എനർജി തയ്യാറാക്കിയ
ഫ്യുവൽ സ്റ്റേഷൻ നിയന്ത്രണം
കരട് നിയമം വഴി പെട്രോൾ പമ്പുകളുടെ മേൽനോട്ടം ശക്തമാക്കുകയും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുകയും ചെയ്യും.കോടതി നടപടികൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി
ഇലക്ട്രോണിക് വ്യവഹാരങ്ങൾ (Electronic litigation) ശക്തമാക്കാനും കോടതി നടപടികൾ വേഗത്തിലാക്കാനും 1990-ലെ സിവിൽ ആൻഡ് കൊമേഴ്സ്യൽ പ്രൊസീജിയർ നിയമത്തിൽ ഭേദഗതികൾ വരുത്തും.
ഭിന്നശേഷിക്കാരായ ഖത്തറി കുട്ടികൾക്ക് നഴ്സറികളിലും പ്രത്യേക കേന്ദ്രങ്ങളിലും പഠിക്കുന്നതിനായി വിദ്യാഭ്യാസ വൗച്ചറുകൾ നൽകാനുള്ള നിർദ്ദേശത്തിന് അനുമതിയായി. കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ഇത് സഹായിക്കും.മനുഷ്യക്കടത്ത് തടയുന്നതിനുള്ള സമിതിയിലെ ഭേദഗതികൾക്കും, മൗറിട്ടേനിയ, ഉറുഗ്വേ എന്നീ രാജ്യങ്ങളുമായുള്ള നയതന്ത്ര-മധ്യസ്ഥ സഹകരണ കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി.











