12:11pm 24 September 2026
NEWS
ഖത്തർ മന്ത്രിസഭാ യോഗം: അമീറിന്റെ യു.എൻ പ്രസംഗത്തിന് പ്രശംസ; ജി.സി.സി അന്താരാഷ്ട്ര റോഡ് ഗതാഗത കരട് നിയമത്തിന് അംഗീകാരം
24/09/2026  09:35 AM IST
nila
ഖത്തർ മന്ത്രിസഭാ യോഗം: അമീറിന്റെ യു.എൻ പ്രസംഗത്തിന് പ്രശംസ; ജി.സി.സി അന്താരാഷ്ട്ര റോഡ് ഗതാഗത കരട് നിയമത്തിന് അംഗീകാരം

 

 

​ദോഹ: ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി നടത്തിയ പ്രസംഗത്തിലെ ആശയങ്ങളെയും ഉറച്ച നിലപാടുകളെയും പൂർണ്ണമായി പിന്തുണച്ച് ഖത്തർ മന്ത്രിസഭ. ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ശൈഖ് സഊദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന പതിവ് യോഗത്തിലാണ് അമീറിന്റെ പ്രസംഗത്തെ മന്ത്രിസഭ പ്രശംസിച്ചത്.
​സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും തർക്കങ്ങൾ പരിഹരിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലെ വ്യക്തമായ നിലപാടുകളും പ്രസംഗത്തിലൂടെ അമീർ വ്യക്തമാക്കിയതായി മന്ത്രിസഭ ചൂണ്ടിക്കാട്ടി.
ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ള അന്താരാഷ്ട്ര കരമാർഗ്ഗ ഗതാഗതത്തിനായുള്ള ഏകീകൃത നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിക്കുകയും തുടർനടപടികൾക്കായി ശൂറ കൗൺസിലിന് കൈമാറുകയും ചെയ്തു. ഗതാഗത മന്ത്രാലയം തയാറാക്കിയ ഈ നിയമം വഴി റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും അംഗരാജ്യങ്ങൾക്കിടയിൽ യാത്രക്കാരുടെയും ചരക്കുകളുടെയും നീക്കം എളുപ്പമാക്കാനും ലക്ഷ്യമിടുന്നു.സൗദിയിലെ വിശുദ്ധ മക്ക, റിയാദ്, തായിഫ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമാക്കി ഹൂതി ഗ്രൂപ്പുകൾ നടത്തിയ ഡ്രോൺ-ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ ഖത്തർ മന്ത്രിസഭ ശക്തമായ ഭാഷയിൽ അപലപിച്ചു. മക്കയെ ലക്ഷ്യമിട്ടുള്ള ആക്രമണം സകല മതപരവും മാനുഷികവുമായ അതിർവരമ്പുകൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രിസഭ, സൗദിയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ എടുക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ട്രാവൽ, എയർ ഫ്രൈറ്റ് ഓഫീസുകളുടെ പ്രവർത്തനം ക്രമീകരിക്കുന്ന 2025-ലെ 3-ാം നമ്പർ നിയമത്തിന്റെ നിർവ്വഹണ തീരുമാനങ്ങൾക്കും അൽബേനിയയുമായുള്ള തന്ത്രപ്രധാന സഹകരണ കരാറിനും യോഗത്തിൽ അംഗീകാരം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img