
ദോഹ:ലോകത്തിലെ മുൻനിര യോട്ടുകളും വിവിധ ബോട്ട് നിർമാതാക്കളുടെ പുതിയ യാനങ്ങളും അണിനിരക്കുന്ന രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദോഹ ഓൾഡ് പോർട്ടിൽ തുടക്കമായി. 505അന്താരാഷ്ട്ര-പ്രാദേശിക ബ്രാൻഡുകളും, 85 പ്രദർശകരും, 25 രാജ്യങ്ങളിൽ നിന്നുള്ള 65-ലധികം യാച്ചുകളുമാണ്ബോട്ട് ഷോയിലെ താരങ്ങൾ.
കടൽപ്പരപ്പിലെ 5 സ്റ്റാർ സ്വീറ്റ് റൂമുകൾ പോലാണ് ഓരോ യോട്ടുകളും. കോടീശ്വരന്മാർക്ക് ഒഴിവാക്കി നിർത്താനാവാത്ത ആഡംബരം.വിശാലമായ ലിവിങ് റൂം, അത്യാഡംബര കിടപ്പുമുറി, കടൽക്കാഴ്ചകൾ ഇരുന്നും കിടന്നും കാണാനുള്ള ഇടങ്ങൾ അങ്ങനെ നീളും യോട്ടുകൾക്കുള്ളിലെ സൗകര്യങ്ങൾ.ബോട്ടുകൾക്കു പുറമേ കടലിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, മീൻപിടിത്ത ഉപകരണങ്ങൾ, സ്കീയിങ് ബോർഡുകൾ, സ്നോർക്കലിങ് ഉപകരണങ്ങൾ, കടൽ വിനോദവുമായി ബന്ധപ്പെട്ട മറ്റ് ഉൽപന്നങ്ങൾ എന്നിവയും മേളയിലുണ്ട്. കൂടാതെ, ജലഗതാഗത രംഗത്തെ പുതിയ സാങ്കേതികവിദ്യകളും ട്രെൻഡുകളും ഇവിടെ അവതരിപ്പിക്കപ്പെടും.
വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള ചർച്ചകളും കരാർ ഉറപ്പിക്കലുമാണ് മേളയിൽ പ്രധാനമായും നടക്കുന്നത്. വിനോദസഞ്ചാര മേഖലയിൽ യോട്ടുകൾക്കു നിർണായക സ്ഥാനമുള്ളതിനാൽ വൻകിട ടൂറിസം കമ്പനികളും ഇവിടെയെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സന്ദർശകരും വിഐപിമാരും മാരീൻ മേഖലയിൽ പ്രവർത്തിക്കുന്നവരും പങ്കെടുത്ത ഉദ്ഘാടനദിനംപ്രൗഡഗംഭീരമായിരുന്നു.
നാലുദിവസം നീളുന്ന ഈ പ്രദർശനം സമുദ്രസാങ്കേതികവിദ്യ, നവീകരണം, ഖത്തറിന്റെ സമ്പന്നമായ സമുദ്ര പൈതൃകം എന്നിവയെ ഒന്നിച്ചുകൂട്ടുന്ന വേദികൂടിയാണ്.
രണ്ടാം പതിപ്പായ
ബോട്ട് ഷോയിൽ കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.പങ്കെടുത്തവരിൽ 50 ശതമാനത്തിലധികം ഖത്തറി കമ്പനികളാണ്, ഇത് ഖത്തറിന്റെ സമുദ്രമേഖലയിലെ സ്വയംപര്യാപ്തതയും നവീകരണ ശേഷിയും പ്രതിഫലിപ്പിക്കുന്നു. പ്രദർശനത്തിലെ 55 ശതമാനം ബോട്ടുകളും 2025 മോഡലുകളാണ്, ഇത് ആധുനിക സാങ്കേതികതയോടുള്ള ഷോയുടെ മുഖ്യ ശ്രദ്ധ ചൂണ്ടിക്കാട്ടുന്നു.
ഖത്തറിനെ യാച്ചിങ്, ലഗ്ജറി ടൂറിസം മേഖലകളിലെ പുതിയ ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ദിശയിലാണ് ഇത്തവണത്തെ ബോട്ട് ഷോ മുന്നേറുന്നത്.











