
ദോഹ: പഴയ ദോഹ തുറമുഖത്ത് നടക്കുന്ന ഖത്തർ ബോട്ട് ഷോ 2026-ൽ സമുദ്ര ഗതാഗത രംഗത്തെ പുത്തൻ പദ്ധതികളും സേവനങ്ങളുമായി ഖത്തർ ഗതാഗത മന്ത്രാലയം (MoT). നവംബർ 7 വരെ നീളുന്ന പ്രദർശനത്തിലെ തന്ത്രപ്രധാന പങ്കാളിയാണ് ഗതാഗത മന്ത്രാലയം.
സ്വദേശിയും അന്തർദേശീയവുമായ നിരവധിയേറെ കപ്പൽ-യാട്ട് നിർമ്മാണ കമ്പനികളും സമുദ്ര സേവന ദാതാക്കളും പങ്കാളികളാകുന്ന പ്രദർശനത്തിൽ മന്ത്രാലയത്തിന്റെ പ്രത്യേക പവലിയൻ ഏറെ ശ്രദ്ധയാകർഷിക്കുന്നു.
രാജ്യത്തെ പൊതുഗത സവിധാനങ്ങൾ കൂടുതൽ സുസ്ഥിരമാക്കുന്നതിനായി വികസിപ്പിക്കുന്ന വാട്ടർ ടാക്സി പദ്ധതിയുടെ സ്കെയിൽ മോഡൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ലുസൈൽ സിറ്റി, ദി പേൾ-ഖത്തർ, വെസ്റ്റ് ബേ (കോർണിഷ്) എന്നീ മൂന്ന് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലുള്ള ഈ ജലഗതാഗത ശൃംഖല ഒരുങ്ങുന്നത്.
സമുദ്ര യാത്രകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ പിന്തുടരുന്ന IALA റീജിയൻ A സംവിധാന പ്രകാരമുള്ള വിവിധ നാവിഗേഷൻ ബോയകളും അടയാളങ്ങളും അവയുടെ നിറങ്ങളും ഡിജിറ്റൽ സിഗ്നലുകളും സന്ദർശകർക്ക് പരിചയപ്പെടുത്തുന്നു.
ചെറുവള്ളങ്ങളുടെയും ബോട്ടുകളുടെയും രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ, ഉടമസ്ഥാവകാശ മാറ്റം, നഷ്ടപ്പെട്ട കാർഡുകൾ വീണ്ടെടുക്കൽ തുടങ്ങിയ വിവിധ സേവനങ്ങൾ ഖത്തർ പോസ്റ്റ് വഴി എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന 'ദർബ്' മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങൾ പവലിയനിൽ പ്രദർശിപ്പിക്കുന്നു.കുട്ടികളിൽ കപ്പൽ യാത്രയുടെയും സമുദ്ര സുരക്ഷയുടെയും അടിസ്ഥാന കാര്യങ്ങൾ രസകരമായി മനസ്സിലാക്കാൻ 'ലിറ്റിൽ ക്യാപ്റ്റൻ' (Little Captain) എന്ന പ്രത്യേക ഇന്ററാക്ടീവ് റൂട്ടും സജ്ജീകരിച്ചിട്ടുണ്ട്.
ടൂറിസം, മറൈൻ കായിക വിനോദങ്ങൾ, ആഡംബര യാട്ടുകൾ എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്ന ഇത്തരം ദേശീയ പരിപാടികൾക്ക് മന്ത്രാലയം പൂർണ്ണ പിന്തുണ നൽകുന്നത് തുടരുമെന്ന് വ്യക്തമാക്കി.










