
ദോഹ: ലോകത്തിലെ പ്രമുഖ മോട്ടോർ സ്പോർട്സ് പോരാട്ടങ്ങളായ 'മോട്ടോ ജിപി ഖത്തർ എയർവേയ്സ് ഗ്രാൻഡ് പ്രി 2026', 'ഖത്തർ എയർവേയ്സ് ഫോർമുല 1 ഗ്രാൻഡ് പ്രി' എന്നിവയ്ക്ക് ആതിഥ്യമരുളാൻ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് ഒരുങ്ങുന്നു. നവംബർ 6 മുതൽ 8 വരെയാണ് മോട്ടോ ജിപി മത്സരം നടക്കുന്നത്. തുടർന്ന് നവംബർ 27 മുതൽ 29 വരെ ഫോർമുല 1 പോരാട്ടവും അരങ്ങേറും.
ലോകമെമ്പാടുമുള്ള കാണികളെയും ടീമുകളെയും സ്വീകരിക്കുന്നതിനായി ഗാലറികൾ, ഹോസ്പിറ്റാലിറ്റി മേഖലകൾ, ഫാൻ സോണുകൾ, അനുബന്ധ പ്രവർത്തന സൗകര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സർക്യൂട്ടിൽ ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
മൂന്ന് ആഴ്ചത്തെ ഇടവേളയിൽ നടക്കുന്ന ഈ രണ്ട് വൻകിട ഇവന്റുകൾ റേസിംഗ് പ്രേമികൾക്ക് വലിയ അനുഭവമായിരിക്കുമെന്ന് ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് സി.ഇ.ഒ അബ്ദുൽ അസീസ് അലി അൽ മൊഹന്നദി പറഞ്ഞു. സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരങ്ങൾക്ക് പുറമെ തത്സമയ സംഗീത പരിപാടികൾ, വിനോദങ്ങൾ, കുടുംബങ്ങൾക്കായുള്ള പ്രത്യേക വിനോദ മേഖലകൾ, പ്രിയപ്പെട്ട ഡ്രൈവർമാരെ നേരിൽ കാണാനുള്ള അവസരം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഫോർമുല 1 ഇവന്റിന്റെ ഭാഗമായി റേസിംഗ് സിമുലേറ്ററുകൾ, ആർക്കേഡ് ഗെയിമുകൾ, സർഗ്ഗാത്മക വർക്ക്ഷോപ്പുകൾ, സുസ്ഥിരതാ പ്രവർത്തനങ്ങൾ എന്നിവയും ഉണ്ടാകും.
ലോകോത്തര മോട്ടോർ സ്പോർട്സുകളെ വിനോദവും സാംസ്കാരിക അനുഭവങ്ങളുമായി കോർത്തിണക്കി പ്രമുഖ ആഗോള കായിക കേന്ദ്രമെന്ന ഖത്തറിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ് ഈ രണ്ട് മത്സരങ്ങളും.










