
ദോഹ: പ്രാദേശിക കാർഷിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന 'സുസ്ഥിര കാർഷിക ഉൽപ്പാദനത്തിനുള്ള പ്രഥമ ഖത്തർ അവാർഡി'ലേക്കുള്ള അപേക്ഷകൾ നവംബർ 8 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് നഗരസഭ മന്ത്രാലയം അറിയിച്ചു. "വിളവ് തരുന്ന മികവ്... നിലനിൽക്കുന്ന സുസ്ഥിരത" എന്ന പ്രമേയത്തിലാണ് പുരസ്കാരം സംഘടിപ്പിക്കുന്നത്.
ആധുനികവും സുസ്ഥിരവുമായ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്തുക, പ്രകൃതിവിഭവങ്ങളുടെ വിവേകപൂർവ്വമായ ഉപയോഗം ഉറപ്പാക്കുക എന്നിവയാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നത്. സസ്യ-മൃഗപരിപാലനം, മത്സ്യബന്ധന മേഖല എന്നിവയിൽ മികച്ച മത്സരക്ഷമത വളർത്താനും ഇത് സഹായിക്കും. ഖത്തർ നാഷണൽ വിഷൻ 2030, ഭക്ഷ്യസുരക്ഷാ സ്ട്രാറ്റജിക് പ്ലാൻ 2024-2030 എന്നിവയ്ക്ക് അനുസൃതമായാണ് മന്ത്രാലയം ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഈന്തപ്പഴം, പച്ചക്കറികൾ, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം എന്നിങ്ങനെ നാല് പ്രധാന വിഭാഗങ്ങളിലായി 21 സമ്മാനങ്ങളാണ് അവാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഫാമുകളുടെ വിസ്തൃതി അടിസ്ഥാനമാക്കിയാണ് തരംതിരിച്ചിരിക്കുന്നത്. 1,00,000 ചതുരശ്ര മീറ്ററിൽ താഴെയുള്ളവ ചെറിയ ഫാമുകളായും, 1,00,000 നും 3,00,000 നും ഇടയിലുള്ളവ ഇടത്തരം ഫാമുകളായും, 3,00,000 ചതുരശ്ര മീറ്ററിന് മുകളിലുള്ളവ വലിയ ഫാമുകളായും കണക്കാക്കും.










