
വാഷിംഗ്ടൺ:സാങ്കേതികവിദ്യ, വ്യാപാരം, നിർമ്മിത ബുദ്ധി (AI) എന്നീ മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനായി വാഷിംഗ്ടൺ ഡിസിയിൽ നടന്ന 'പാക്സ് സിലിക്ക' (Pax Silica) ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തു. ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശ വ്യാപാര കാര്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദാണ് ആഗോള ഉച്ചകോടിയിൽ പങ്കെടുത്തത്.രണ്ടുദിവസങ്ങളിലായി നടന്ന ഉച്ചകോടിയുടെ ആദ്യദിനം വ്യവസായ-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തിനും, രണ്ടാം ദിവസം അംഗരാജ്യങ്ങൾ തമ്മിലുള്ള സർക്കാർ തലത്തിലുള്ള ചർച്ചകൾക്കുമാണ് പ്രാധാന്യം നൽകിയത്.
ഉച്ചകോടിക്കിടെ ഖത്തറും അമേരിക്കയും തമ്മിലുള്ള 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവസരങ്ങളെക്കുറിച്ചുള്ള സംയുക്ത പ്രസ്താവനയിൽ' (Joint Statement on Artificial Intelligence Opportunities) ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയീദ് ഒപ്പുവെച്ചു. ഈ വർഷം ജനുവരിയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 'പാക്സ് സിലിക്ക പ്രഖ്യാപനത്തിന്റെ' (Pax Silica Declaration) അനുബന്ധ രേഖയാണിത്. എഐ, വളർന്നുവരുന്ന പുതിയ സാങ്കേതികവിദ്യകൾ എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കാൻ പുതിയ കരാർ വഴിയൊരുക്കും.
അത്യാധുനിക സാങ്കേതികവിദ്യകളുടെയും അർദ്ധചാലകങ്ങളുടെയും (Semiconductors) വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് പാക്സ് സിലിക്ക. ഖത്തർ ഇതിൽ പങ്കാളിയാകുന്നത് ദേശീയ കാഴ്ചപ്പാടായ 'ഖത്തർ നാഷണൽ വിഷൻ 2030' ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിർമ്മിത ബുദ്ധി മേഖലയിലെ പ്രാദേശിക ഹബ്ബായി രാജ്യത്തെ മാറ്റുന്നതിനും കൂടുതൽ കരുത്തുപകരുമെന്ന് വിലയിരുത്തപ്പെടുന്നു.











