
ദോഹ: ഫെഡറേഷൻ ഓഫ് ജിസിസി ചേംബേഴ്സിന്റെ (FGCCC) 24-ാം സെഷന്റെ പ്രസിഡന്റായി ഖത്തർ ചേംബർ ചെയർമാൻ ഷൈഖ് ഖലീഫ ബിൻ ജാസിം അൽതാനി ചുമതലയേറ്റു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഷൈഖ് ഫൈസൽ ബിൻ അബ്ദുള്ള അൽ റവാസിൽ നിന്നാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്.
ഖത്തറിലെയും ഗൾഫിലെയും സാമ്പത്തിക രംഗത്തെ പ്രമുഖ വ്യക്തിത്വമാണ് ഷൈഖ് ഖലീഫ ബിൻ ജാസിം അൽതാനി. നിലവിൽ ഖത്തർ ചേംബർ ചെയർമാൻ കൂടാതെ ഐസിസി (ICC) ഖത്തർ ചെയർമാൻ, പാരീസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂട്ടീവ് ബോർഡ് അംഗം, ഇസ്ലാമിക് ചേംബർ ഒന്നാം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു.
മുൻഗാമിയായ ഷൈഖ് ഫൈസലിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ രംഗത്തും അന്താരാഷ്ട്ര തലത്തിലും ഫെഡറേഷൻ കൈവരിച്ച നേട്ടങ്ങളെ ഷൈഖ് ഖലീഫ ചടങ്ങിൽ അഭിനന്ദിച്ചു.
ഫെഡറേഷന്റെ എക്സിക്യൂട്ടീവ് ഓഫീസും പുനഃസംഘടിപ്പിച്ചു. അബ്ദുള്ള ബിൻ സാലിഹ് കാമൽ (ഒന്നാം വൈസ് പ്രസിഡന്റ്), റബഹ് ബിൻ അബ്ദുൽറഹ്മാൻ അൽ റബഹ് (രണ്ടാം വൈസ് പ്രസിഡന്റ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഗൾഫ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിനുമുള്ള തന്ത്രപ്രധാനമായ കാഴ്ചപ്പാടോടെ പ്രവർത്തിക്കുമെന്ന് ഷൈഖ് ഖലീഫ വ്യക്തമാക്കി.ജിസിസി രാജ്യങ്ങൾക്കിടയിലുള്ള ആഭ്യന്തര വ്യാപാരം വർദ്ധിപ്പിക്കുക, സ്വകാര്യ സംരംഭങ്ങളുടെ മത്സരക്ഷമത ഉയർത്തുക എന്നിവയാണ് പുതിയ നേതൃത്വത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.പ്രാദേശികവും അന്തർദ്ദേശീയവുമായ പങ്കാളിത്തം ഉറപ്പാക്കി ഗൾഫ് സാമ്പത്തിക സംയോജനവും സുസ്ഥിര വികസനവും കൈവരിക്കാൻ ഫെഡറേഷൻ മുൻഗണന നൽകും.











