
ദോഹ: ഖത്തറും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനും (ASEAN) തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ പുതിയ ഉയരങ്ങളിലേക്ക്. ഇരുവിഭാഗവും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 15 ശതകോടി (15 Billion) യു.എസ്. ഡോളറിലേക്ക് അടുക്കുന്നതായി ദോഹയിലെ ആസിയാൻ കമ്മിറ്റി (ACD) പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഊർജ്ജം, ഫിൻടെക്, ഡിജിറ്റൽ സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ ഉയർന്നുവരുന്നത് ഈ പുരോഗതിക്ക് വേഗം കൂട്ടുന്നു.
ഖത്തറിന് ആസിയാന്റെ 'സെക്ടറൽ ഡയലോഗ് പാർട്ണർ' പദവി ലഭിച്ചതിന് ശേഷമുള്ള പ്രധാന നാഴികക്കല്ലായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്. സൗഹൃദ കരാറിൽ (Treaty of Amity and Cooperation) ഒപ്പുവെച്ചതിനെ തുടർന്ന് വികസനം, മാനുഷിക സഹായം, വിദ്യാഭ്യാസം, ഗതാഗത ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ ഖത്തർ പങ്കാളിത്തം വിപുലീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന ഉന്നതതല ഉഭയകക്ഷി സന്ദർശനങ്ങളാണ് നയതന്ത്ര ബന്ധം ശക്തമാക്കിയത്. ഊർജ്ജ സുരക്ഷാ രംഗത്ത് ഖത്തർ എനർജിയും മലേഷ്യയുടെ പെട്രോനാസും (Petronas) തമ്മിൽ 20 വർഷത്തെ എൽ.എൻ.ജി വിതരണ കരാറിൽ ഒപ്പുവെച്ചത് വലിയ വഴിത്തിരിവായി. കൂടാതെ, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും ഇന്തോനേഷ്യയും തമ്മിലുള്ള തന്ത്രപ്രധാന നിക്ഷേപ പങ്കാളിത്തവും, സിംഗപ്പൂരുമായി ചേർന്ന് ദോഹയിൽ ആരംഭിക്കുന്ന 'ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഫിനാൻസ് ആൻഡ് ടെക്നോളജി'യും സാമ്പത്തിക മേഖലയ്ക്ക് ഉണർവേകുന്നു.ഖത്തർ നാഷണൽ വിഷൻ 2030', 'ഡിജിറ്റൽ അജണ്ട 2030' എന്നിവയ്ക്ക് അനുസൃതമായി ഡിജിറ്റൽ പരിവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), പുനരുപയോഗ ഊർജ്ജം, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്താൻ ഇരുപക്ഷവും സജീവമായി രംഗത്തുണ്ട്. പരസ്പര ബഹുമാനത്തിലും സമാധാനപരമായ സഹകരണത്തിലും അധിഷ്ഠിതമായ ഈ പങ്കാളിത്തം വരുംനാളുകളിൽ കൂടുതൽ വ്യാപിപ്പിക്കാനാണ് ഖത്തറും ആസിയാൻ രാജ്യങ്ങളും ലക്ഷ്യമിടുന്നത്.











