
ദോഹ:ആഗോളതലത്തിൽ സംഘർഷങ്ങളും പ്രതിസന്ധികളും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സംവാദത്തിന്റെയും മധ്യസ്ഥതയുടെയും സമാധാന പ്രചാരണത്തിന്റെയും ദീപസ്തംഭമായി ഖത്തർ ലോകശ്രദ്ധ നേടുകയാണെന്ന് ഖത്തർ ന്യുസ് ഏജൻസി (ക്യൂഎൻഎ) റിപ്പോർട്ട് ചെയ്തു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുടെ ദർശനപരമായ നേതൃത്വമാണ് ലോക ശ്രദ്ധയുടെ അടിത്തറ.
അമീറിന്റെ നേതൃത്വത്തിൽ, അറബ് രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തെ വിവിധ രാഷ്ട്രങ്ങളുടെ നീതിയുക്ത വിഷയങ്ങൾക്ക് ഖത്തർ ഉറച്ച പിന്തുണ നൽകിവരുന്നതായും, മാനവിക സഹായ രംഗത്തെ തുടർച്ചയായ ഇടപെടലുകൾ ഖത്തറിനെ പ്രാദേശികവും അന്താരാഷ്ട്രവുമായ തലങ്ങളിൽ മാതൃകാ രാജ്യമായി മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ അമീർ നടത്തുന്ന പ്രസംഗങ്ങൾ, യുദ്ധങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം സംവാദത്തിലൂടെയാണെന്ന ശക്തമായ സന്ദേശമാണ് ലോകത്തോട് നൽകുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.











