
ന്യൂയോർക്ക്/ദോഹ: ഖത്തറിന് നേരെ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കി ഖത്തർ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും ഈ മാസത്തെ സുരക്ഷാ കൗൺസിൽ അധ്യക്ഷൻ മൈക്കൽ വാൾട്സിനും ഖത്തർ ഔദ്യോഗിക സന്ദേശം കൈമാറി. യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഷെയ്ഖ ആലിയ അഹമ്മദ് ബിൻ സെയ്ഫ് അൽ താനിയാണ് സന്ദേശം അയച്ചത്.
തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ
യുഎൻ ചാർട്ടറിലെ 51-ാം അനുച്ഛേദം അനുസരിച്ച്, രാജ്യത്തിന്റെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഏത് രീതിയിലുള്ള തിരിച്ചടിക്കും ഖത്തറിന് പൂർണ്ണ അവകാശമുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. അയൽപക്ക മര്യാദകൾക്ക് വിരുദ്ധമായ ഈ ആക്രമണം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. പ്രാദേശിക തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഇറാനും അന്താരാഷ്ട്ര സമൂഹത്തിനുമിടയിൽ ചർച്ചകൾക്ക് വേദിയൊരുക്കാനും ഖത്തർ എന്നും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം ഇത്തരം ധാരണകളെ തകർക്കുന്നതാണെന്നും ഖത്തർ വ്യക്തമാക്കി.ഫെബ്രുവരി 28 ശനിയാഴ്ച ഉച്ചയ്ക്ക് 11:39-നാണ് ആദ്യ മിസൈൽ കണ്ടെത്തിയത്. തുടർന്നങ്ങോട്ട് മാർച്ച് 1 ഞായറാഴ്ച രാവിലെ വരെ നീണ്ട ആക്രമണത്തിൽ 92 ബാലസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളുമാണ് ഇറാനിൽ നിന്ന് ഖത്തറിനെ ലക്ഷ്യമിട്ടെത്തിയത്.
പ്രതിരോധം: 91 മിസൈലുകളെയും 16 ഡ്രോണുകളെയും ഖത്തർ വിജയകരമായി തടഞ്ഞു.
ആഘാതം: അത്യന്തം സങ്കീർണ്ണമായ ആക്രമണത്തിനിടെ രണ്ട് ബാലസ്റ്റിക് മിസൈലുകൾ അൽ ഉദൈദ് വ്യോമതാവളത്തിലും (Al Udeid Air Base) ഒരു ഡ്രോൺ തന്ത്രപ്രധാനമായ ഏർലി വാണിംഗ് റഡാർ സ്റ്റേഷനിലും പതിച്ചു. ഇതിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ജനവാസ മേഖലകൾ: വെസ്റ്റ് ബേ, ബർവ സിറ്റി തുടങ്ങിയ സ്ഥലങ്ങൾക്ക് മുകളിലുവെച്ചാണ് പല മിസൈലുകളും വെടിവെച്ചിട്ടത്. ഇതിന്റെ അവശിഷ്ടങ്ങൾ വീണ് 16 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
നാശനഷ്ടങ്ങൾ: മിസൈൽ അവശിഷ്ടം വീണതിനെത്തുടർന്ന് ഒരു ഫുഡ് വെയർഹൗസിന് തീപിടിക്കുകയും അത് സമീപത്തെ അഞ്ച് വെയർഹൗസുകളിലേക്ക് പടരുകയും ചെയ്തു.കുവൈറ്റ്, യുഎഇ, ജോർദാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങളെയും ഖത്തർ അപലപിച്ചു. ഈ രാജ്യങ്ങൾ തങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഉടൻ തന്നെ സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ചർച്ചയുടെ പാതയിലേക്ക് മടങ്ങണമെന്നും ഖത്തർ ആവശ്യപ്പെട്ടു.ഈ സന്ദേശം ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ ഔദ്യോഗിക രേഖയായി സർക്കുലേറ്റ് ചെയ്യണമെന്നും ഖത്തർ അഭ്യർത്ഥിച്ചു.











