07:19am 17 August 2026
NEWS
കായികതാരങ്ങൾക്കായി പ്രത്യേക സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് ഖത്തർ
09/07/2026  01:00 PM IST
nila
കായികതാരങ്ങൾക്കായി പ്രത്യേക സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് ഖത്തർ

 

 

​ദോഹ: പഠനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിക്കാൻ ഖത്തറിലെ പ്രതിഭകൾക്ക് സുവർണ്ണാവസരം. കായികതാരങ്ങളായ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസവും കായികജീവിതവും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഖത്തർ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക 'സ്പോർട്സ് സ്കോളർഷിപ്പ്' പദ്ധതി പ്രഖ്യാപിച്ചു. ഗവൺമെന്റ് സ്കോളർഷിപ്പ് പ്രോഗ്രാമിന് കീഴിലാണ് ഈ പുതിയ ട്രാക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.
​കായിക-യുവജന മന്ത്രാലയവുമായി സഹകരിച്ച് പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ സെഷനിലാണ് മന്ത്രാലയത്തിന്റെ ഉന്നതവിദ്യാഭ്യാസ കാര്യ വകുപ്പ് പുതിയ പദ്ധതി അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കായിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
​ദേശീയ തലത്തിലുള്ള കായിക പ്രതിഭകളെ കണ്ടെത്തുകയും അവരെ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്പോർട്സിനൊപ്പം ഉന്നതവിദ്യാഭ്യാസവും ഉറപ്പാക്കുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ ഖത്തറിനെ പ്രതിനിധീകരിക്കാൻ കെൽപ്പുള്ള, കായിക മികവും മികച്ച വിദ്യാഭ്യാസവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.കായിക മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഖത്തറിലെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തങ്ങൾക്ക് താല്പര്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാം.അംഗീകൃത സ്വകാര്യ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് പൂർണ്ണമായും പദ്ധതിയിലൂടെ നൽകും.
നിലവിലുള്ള സർക്കാർ നയങ്ങൾക്ക് വിധേയമായി, പഠനത്തിന് ശേഷം കരിയർ സുരക്ഷിതമാക്കാൻ ഉതകുന്ന രീതിയിൽ കരിയർ അധിഷ്ഠിത സ്കോളർഷിപ്പ് അവസരങ്ങളും ഇതിലൂടെ ലഭ്യമാക്കും.കായിക-യുവജന മന്ത്രാലയത്തിന്റെയും ഖത്തർ ഒളിമ്പിക് കമ്മിറ്റിയുടെയും നാമനിർദ്ദേശം (Nomination) ലഭിച്ച കായികതാരങ്ങൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അതോടൊപ്പം ഗവൺമെന്റ് സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ പൊതുവായ മാനദണ്ഡങ്ങൾ പാലിക്കുകയും, ഖത്തറിലെ ബന്ധപ്പെട്ട സർവ്വകലാശാലകളിൽ നിന്ന് അഡ്മിഷൻ ഉറപ്പാക്കുകയും വേണം. കൂടാതെ, പഠനകാലയളവിലുടനീളം കായികരംഗത്ത് സജീവമായി തുടരുമെന്ന് ഉറപ്പുനൽകുകയും വേണം.പൊതു സർവ്വകലാശാലകളിലേക്കുള്ള രണ്ടാമത്തെ അഡ്മിഷൻ ഘട്ടത്തിൽ ഈ സ്പോർട്സ് ട്രാക്കിലേക്ക് അപേക്ഷിക്കാം. നവംബർ 15 മുതൽ ഡിസംബർ 30 വരെ ഗവൺമെന്റ് സ്കോളർഷിപ്പ് പ്ലാറ്റ്‌ഫോം (Government Scholarship Platform) വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img