
ദോഹ: സമുദ്ര ഗതാഗത-നാവിക മേഖലകളിൽ സ്വദേശി സാന്നിധ്യം ശക്തമാക്കുന്നതിനായി വൻ നിക്ഷേപത്തിനൊരുങ്ങി ഖത്തർ. രാജ്യത്തിന് ആവശ്യമായ കപ്പൽ ജീവനക്കാരെയും മറൈൻ എഞ്ചിനീയർമാരെയും സ്വന്തമായി വാർത്തെടുക്കുന്നതിനായി ഖത്തർ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും (MoEHE) ഗതാഗത മന്ത്രാലയവും (MoT) സംയുക്തമായി പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ചു.
ഞായറാഴ്ച വാർത്താസമ്മേളനത്തിലാണ് പുതിയ സ്കോളർഷിപ്പ് പദ്ധതികൾ അധികൃതർ പുറത്തുവിട്ടത്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി, നിലവിൽ വിദേശ വിദഗ്ധരെ കൂടുതൽ ആശ്രയിക്കുന്ന ഈ മേഖലയിൽ പൂർണ്ണമായ സ്വദേശിവത്കരണമാണ് പദ്ധതിയിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.കപ്പൽ നിയന്ത്രണം, സുരക്ഷാ പരിശോധനകൾ, രാജ്യാന്തര സമുദ്ര നിയമങ്ങളുടെ പാലനം, അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയ നിർണ്ണായക ചുമതലകളിലേക്ക് യോഗ്യരായ ഖത്തറി യുവാക്കളെ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താക്കൾ അറിയിച്ചു.
തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് ഖത്തറി പ്രൊഫഷണലുകളുടെ മത്സരക്ഷമത ഉയർത്താനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നയിക്കാനും ഈ മാനവവിഭവശേഷി നിക്ഷേപത്തിലൂടെ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.










