
ദോഹ: ആഗോള സാങ്കേതിക ഭൂപടത്തിൽ കരുത്തുറ്റ സാന്നിധ്യമാകാൻ ലക്ഷ്യമിട്ട് വൻ നിക്ഷേപ പദ്ധതികളുമായി ഖത്തർ. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച 'വെബ് സമ്മിറ്റ് ഖത്തർ 2026' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയാണ് നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്.
സ്റ്റാർട്ടപ്പുകൾക്കായി 200 കോടി ഡോളർ
രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി വഴി 200 കോടി ഡോളറിന്റെ (2 Billion USD) അധിക നിക്ഷേപം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച 100 കോടി ഡോളറിന് പുറമെയാണിത്. സ്റ്റാർട്ടപ്പുകൾക്കുള്ള ആനുകൂല്യങ്ങൾ എട്ടു മടങ്ങ് വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംരംഭകർക്കായി 'റൂബി റെസിഡൻസി'
ആഗോള പ്രതിഭകളെ ഖത്തറിലേക്ക് ആകർഷിക്കുന്നതിനായി 'റൂബി റെസിഡൻസി' (Ruby Residency) എന്ന പേരിൽ പുതിയ 10 വർഷത്തെ റെസിഡൻസി പ്രോഗ്രാം അവതരിപ്പിച്ചു. സംരംഭകർക്കും കമ്പനി സ്ഥാപകർക്കും മുതിർന്ന എക്സിക്യൂട്ടീവുകൾക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കമ്പനി രൂപീകരണം, ബാങ്കിംഗ്, താമസാനുമതി എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിൽ പരിഷ്കരിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
ദേശീയ എഐ കമ്പനി 'CAI'
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 'CAI' എന്ന പേരിൽ ദേശീയ എഐ കമ്പനി രൂപീകരിച്ചു. ഖത്തറിന് മാത്രമായുള്ള എഐ ഇൻഫ്രാസ്ട്രക്ചറുകളും സോഫ്റ്റ്‌വെയർ സംവിധാനങ്ങളും വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഖത്തറിലെ സ്റ്റാർട്ടപ്പുകൾക്ക് വളർച്ച വേഗത്തിലാക്കാൻ ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് ക്രെഡിറ്റുകളും അനുവദിക്കും.
റെക്കോർഡുകൾ ഭേദിച്ച് വെബ് സമ്മിറ്റ്
ഫെബ്രുവരി 4 വരെ നീണ്ടുനിൽക്കുന്ന വെബ് സമ്മിറ്റിൽ ലോകമെമ്പാടുനിന്നുള്ള 1,600-ലധികം സ്റ്റാർട്ടപ്പുകളും ആയിരത്തോളം നിക്ഷേപകരും പങ്കെടുക്കുന്നുണ്ടെന്ന് വെബ് സമ്മിറ്റ് സിഇഒ പാഡി കോസ്ഗ്രേവ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിക്ഷേപകരുടെ പങ്കാളിത്തത്തിൽ 27 ശതമാനം വർദ്ധനവുണ്ടായി.
നൂതന സാങ്കേതിക വിദ്യകളും ആഗോള നിക്ഷേപകരും കൈകോർക്കുന്ന ഈ സംഗമം, ഖത്തറിനെ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ടെക് ഹബ്ബാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.











