
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ, സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണത്തെപ്രോത്സാഹിപ്പിക്കുന്നതിനായുള്ള 'ഖത്തർ നാഷണൽ അവാർഡ് 2026' തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ അൽതാനി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പുരസ്കാരം ലോഞ്ച് ചെയ്തത്.സ്വകാര്യ മേഖലയിൽ ഖത്തരി പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം നിലവിലെ 17 ശതമാനത്തിൽ നിന്ന് 2030-ഓടെ 20 ശതമാനമായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. ഇതിലൂടെ ഏകദേശം 15,400 സ്വദേശികൾക്ക് കൂടി തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സമിഖ് അൽ മർറി പറഞ്ഞു.സ്വദേശികളെ നിയമിക്കുന്നതിലും പരിശീലനം നൽകുന്നതിലും മികവ് കാട്ടുന്ന ബാങ്കിംഗ്, ആരോഗ്യം, ടൂറിസം, ഐടി തുടങ്ങി 9 പ്രധാന മേഖലകളിലെ സ്ഥാപനങ്ങളെ ആദരിക്കും.സ്വകാര്യ മേഖലയിലെ മികച്ച നേതൃപാടവം, തൊഴിൽ നൈപുണ്യം, നൂതന ആശയങ്ങൾ എന്നിവ പ്രകടിപ്പിക്കുന്ന സ്വദേശി ജീവനക്കാർക്കും പുരസ്കാരം നൽകും.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി 'ഹിമ്മ' (Himmah) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. 2025 ജനുവരി മുതൽ ഡിസംബർ വരെയുള്ള പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുക.ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായുള്ള മനുഷ്യവിഭവശേഷി വികസനത്തിൽ സ്വകാര്യ മേഖലയെ സുപ്രധാന പങ്കാളിയാക്കാനും സ്വദേശി പ്രതിഭകളെ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയർത്താനും ഈ പുരസ്കാരം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.











