
ദോഹ: ഖത്തറിന്റെ
ദേശീയപതാകയ്ക്കൊപ്പംഐക്യരാഷ്ട്രസഭയുടെ പതാകയും ഉയർത്തിക്കൊണ്ട് ഒമ്പതാമത് ആഗോള നിക്ഷേപ ഫോറത്തിന് (World Investment Forum 2026) ദോഹയിൽ ഔദ്യോഗിക തുടക്കമായി. യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റുമായി (UNCTAD - അൺക്ടാഡ്) സഹകരിച്ചാണ് ഖത്തർ ഈ ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഒരു അറബ് രാജ്യത്ത് ഈ ഫോറം നടക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
"ഭാവിയിലേക്കുള്ള നിക്ഷേപം" (Investing in the Future) എന്ന പ്രമേയത്തിൽ ഒക്ടോബർ 27 വരെ മൂന്ന് ദിവസങ്ങളിലായാണ് ഫോറത്തിലെ പരിപാടികൾ നടക്കുന്നത്. ആഗോള നിക്ഷേപ മേഖലയിലെ മാറ്റങ്ങളും പ്രധാന വിഷയങ്ങളും ചർച്ച ചെയ്യുന്ന ഈ ഫോറത്തിൽ മന്ത്രിമാരും, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പ്രതിനിധികളും, നയരൂപകർത്താക്കളും അടക്കം വലിയൊരു നിര പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് പുതിയ നിക്ഷേപ സാധ്യതകൾ തുറക്കാനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനും ഈ ഫോറം ലക്ഷ്യമിടുന്നു.










