
ദോഹ: മേഖലയിലെ നിലവിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയിലുണ്ടാക്കുന്ന ആഘാതങ്ങളും, ഊർജ്ജ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്യുന്നതിനായി ഖത്തർ ഊർജ്ജസഹമന്ത്രി സാദ് ശെരീദ അൽ കഅബി യൂറോപ്യൻ കമ്മീഷൻ എനർജി ഡയറക്ടർ ജനറൽഡിറ്റെ ജൂൾ ജോർഗൻസൺ എന്നിവർ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വിർച്വൽ പ്ലാറ്റ്‌ഫോം വഴിയായിരുന്നു നിർണ്ണായകമായ ഈ ചർച്ച നടന്നത്.
മേഖലയിൽ തുടരുന്ന സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര ഊർജ്ജ വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയം.ലോകത്തെ മുൻനിര ഊർജ്ജ ദാതാവ് എന്ന നിലയിൽ ഖത്തറിന്റെ പ്രതിബദ്ധത മന്ത്രി അൽ കഅബി ആവർത്തിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും വിശ്വസിക്കാവുന്ന പങ്കാളിയായി ഖത്തർ തുടരുമെന്നും യൂറോപ്യൻ യൂണിയനുമായുള്ള ദീർഘകാല സഹകരണം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.മേഖലയിലെ നിലവിലെ സംഘർഷങ്ങളിൽ ഖത്തറിനോടുള്ള പൂർണ്ണ ഐക്യദാർഢ്യം ഡിറ്റെ ജൂൾ ജോർഗൻസൺ പ്രകടിപ്പിച്ചു. ആഗോള ഊർജ്ജ വിതരണത്തിന്റെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും യൂറോപ്യൻ യൂണിയൻ നൽകുന്ന വലിയ പ്രാധാന്യം അവർ അടിവരയിട്ടു.ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുന്നതിനായി ഇരുവിഭാഗവും സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ അനിവാര്യത യോഗം വിലയിരുത്തി.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തുന്ന സാഹചര്യത്തിൽ, ഖത്തറും യൂറോപ്പും തമ്മിലുള്ള ഈ ഉന്നതതല ചർച്ചയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.











