
റിയാദ്: അറേബ്യൻ ഉൾക്കടലിലും ചെങ്കടലിലും നാവിക ഗതാഗത സ്വാതന്ത്ര്യവും സമുദ്രസുരക്ഷയും ഉറപ്പാക്കേണ്ടതിന്റെ അനിവാര്യത എടുത്തുപറഞ്ഞ് ഖത്തറും സൗദി അറേബ്യയും. റിയാദിൽ വെച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
അന്താരാഷ്ട്ര വാണിജ്യ പാതകളുടെ സുഗമമായ ഒഴുക്കിനും മേഖലയിലെ സ്ഥിരതയ്ക്കും പ്രധാന സമുദ്രപാതകൾ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും സഹകരണം ദൃഢമാക്കുന്നതും ചർച്ച ചെയ്തു.മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കാനും പിരിമുറുക്കങ്ങൾ കുറയ്ക്കാനുമുള്ള നയതന്ത്ര ശ്രമങ്ങൾ അവലോകനം ചെയ്തു. പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു.ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എൻ രക്ഷാസമിതി പ്രമേയം 2803 വഴി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര പദ്ധതി ഇസ്രായേൽ നിരസിച്ചതിനെ ഇരു രാജ്യങ്ങളും ശക്തമായി അപലപിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ ഇസ്രായേൽ എതിർക്കുന്നതിലും ഖത്തറും സൗദിയും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.
മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി ആഗോള-പ്രാദേശിക തലങ്ങളിലെ നിലപാടുകൾ ഏകോപിപ്പിച്ചു മുന്നോട്ട് പോകാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.











