
ദോഹ: ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര, ലോജിസ്റ്റിക്സ് മേഖലകളിലെ സഹകരണം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നതതല പ്രതിനിധി സംഘങ്ങൾ വിർച്വൽ യോഗം ചേർന്നു. ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വിദേശവ്യാപാര കാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയ്യിദ്, സൗദി ഗതാഗത-ലോജിസ്റ്റിക് സർവീസ് ഉപമന്ത്രി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ് എന്നിവർ സംയുക്തമായി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധവും സമാന സാമ്പത്തിക ലക്ഷ്യങ്ങളും പ്രതിഫലിപ്പിക്കുന്നതായിരുന്നു ചർച്ചകൾ. ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുക, കസ്റ്റംസ് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുക, ലോജിസ്റ്റിക് സേവനങ്ങളുടെ കാര്യക്ഷമത കൂട്ടുക, ചരക്ക് നീക്കം വേഗത്തിലാക്കുക തുടങ്ങിയ പ്രധാന വിഷയങ്ങൾ യോഗത്തിൽ ഇരുരാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ വിശദമായി ചർച്ച ചെയ്തു.











