10:07pm 11 September 2026
NEWS
ആകാശത്തിലെ സുരക്ഷയ്ക്ക് ദോഹയിൽ വമ്പൻ സജ്ജീകരണം: 20 സാങ്കേതിക കേന്ദ്രങ്ങളുമായി ഖത്തർ എയർവേയ്സ്
11/09/2026  06:02 PM IST
nila
ആകാശത്തിലെ സുരക്ഷയ്ക്ക് ദോഹയിൽ വമ്പൻ സജ്ജീകരണം: 20 സാങ്കേതിക കേന്ദ്രങ്ങളുമായി ഖത്തർ എയർവേയ്സ്

​ദോഹ:വിമാനവ്യൂഹത്തിന്റെ പൂർണ്ണമായ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ ഇരുപതിലേറെ അത്യാധുനിക സാങ്കേതിക അറ്റകുറ്റപ്പണി (MRO) ശാലകളുമായി ഖത്തർ എയർവേയ്സ്. ഏവിയോണിക്സ്, ക്യാബിൻ ഇന്റീരിയർ നവീകരണം തുടങ്ങി വിമാനങ്ങളുടെ സമഗ്രമായ പരിപാലനത്തിനായി അത്യാധുനിക സൗകര്യങ്ങളാണ് ദോഹയിൽ സജ്ജീകരിച്ചിരിക്കുന്നത്.
​ഡിസംബറോടെ പത്ത് വലിയ (വൈഡ് ബോഡി) വിമാനങ്ങളുടെ പുറംഭാഗം പൂർണ്ണമായും ദോഹയിൽ തന്നെ പെയിന്റ് ചെയ്തു പൂർത്തിയാക്കും. ഇതോടൊപ്പം, ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാർലിങ്ക് വൈഫൈ വിമാനവ്യൂഹമെന്ന പദവിയും ഖത്തർ എയർവേയ്സ് സ്വന്തമാക്കി. നിലവിൽ 150-ലധികം വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാണ്. ഈ വർഷാവസാനത്തോടെ 30 ബോയിംഗ് 787-9 വിമാനങ്ങളിൽ കൂടി ഈ സൗകര്യം നിലവിൽ വരും.
​അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ എഞ്ചിൻ സർവീസിംഗ് കേന്ദ്രങ്ങളിലൊന്നായ ഇവിടെ 80 കരുതൽ (സ്പെയർ) എഞ്ചിനുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ചീഫ് എം.ആർ.ഒ ഓഫീസർ അലി അൽ സാദി വ്യക്തമാക്കി. ഖത്തർ ദേശീയ വിഷൻ 2030 മുൻനിർത്തിയാണ് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നത്.
​ആഗോളതലത്തിലെ വിമാന സർവീസുകൾ തടസ്സമില്ലാതെ തത്സമയം ഏകോപിപ്പിക്കുന്നതിന് ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് സെന്റർ (IOC) 24 മണിക്കൂറും സജീവമാണ്. വരാനിരിക്കുന്ന ശൈത്യകാല യാത്രാത്തിരക്ക് മുന്നിൽ കണ്ട് കൂടുതൽ മൊബൈൽ കിയോസ്കുകളും ചെക്ക്-ഇൻ കൗണ്ടറുകളും ഗ്രൗണ്ട് സർവീസ് വിഭാഗം സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img