03:55pm 12 November 2026
NEWS
ടിക്കറ്റ് ഉൾപ്പെടെയുള്ള ലോകകപ്പ് യാത്രാ പാക്കേജുകളുമായി ഖത്തർ എയർവേയ്‌സ്
11/01/2026  12:09 PM IST
nila
ടിക്കറ്റ് ഉൾപ്പെടെയുള്ള ലോകകപ്പ് യാത്രാ പാക്കേജുകളുമായി ഖത്തർ എയർവേയ്‌സ്

ദോഹ: ഫിഫ ലോകകപ്പ് 2026ന് മുന്നോടിയായി ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് പ്രത്യേക യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. യുഎസ്, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം കാണുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ടിക്കറ്റ് ഉൾപ്പെടുന്ന ട്രാവൽ പാക്കേജുകൾ.
ഒറ്റ മത്സര പാക്കേജ്, ‘ഫോളോ മൈ ടീം’, നോക്കൗട്ട് സീരീസ്, ഫൈനൽ റൗണ്ട് സീരീസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് പാക്കേജുകൾ ഒരുക്കിയിരിക്കുന്നത്. ഒറ്റ മത്സരത്തിനുള്ള ഗോൾഡ് പാക്കേജ് ഒരാൾക്ക് 4,500 യുഎസ് ഡോളറിൽനിന്നും സിൽവർ പാക്കേജ് 3,700 യുഎസ് ഡോളറിൽനിന്നും ആരംഭിക്കുന്നതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു.
ആവേശഭരിതരായ ആരാധകർക്ക് സ്വന്തം ടീമിനെ പിന്തുടർന്ന് മത്സരങ്ങൾ കാണുന്നതിനായി ‘ഫോളോ മൈ ടീം’ പാക്കേജ് ഒരുക്കിയിട്ടുണ്ട്. നോക്കൗട്ട്, ഫൈനൽ റൗണ്ട് സീരീസ് പാക്കേജുകൾ വഴി ലോകകപ്പിന്റെ നിർണായക ഘട്ടങ്ങളും ഫൈനൽ മത്സരവും നേരിട്ട് കാണാൻ അവസരമുണ്ടാകും.
എല്ലാ പാക്കേജുകളിലും വിമാന ടിക്കറ്റ്, ഗ്രൗണ്ട് ട്രാൻസ്‌പോർട്ട്, ഹോട്ടൽ താമസം, മത്സര ടിക്കറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി. ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുന്നവർ ഫിഫയുടെ ടിക്കറ്റ് ഉപയോഗ നിബന്ധനകളും സ്റ്റേഡിയം കോഡ് ഓഫ് കണ്ടക്ടും കർശനമായി പാലിക്കേണ്ടതുണ്ടെന്നും എയർലൈൻ അറിയിച്ചു.
പാക്കേജുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്നും വില വിവരങ്ങളടങ്ങിയ ബ്രോഷർ അവിടെ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img