
ദോഹ: യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവേയ്സ് പ്രതിദിന സർവീസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച 238 സർവീസുകളാണ് എയർലൈൻ നടത്തിയത്. ബുധനാഴ്ചയോടെ തന്നെ 200 സർവീസുകൾ എന്ന കടമ്പ കമ്പനി മറികടന്നിരുന്നു.പുറത്തുവിട്ട കണക്കുകൾ പ്രകാരം, മാർച്ചിൽ ശരാശരി 130 സർവീസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വൻ മുന്നേറ്റം.ഏപ്രിൽ 15-ഓടെ സർവീസുകൾ 90 ലക്ഷ്യസ്ഥാനങ്ങളിലേക്കും, മെയ് പകുതിയോടെ 120-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി ഏകോപിപ്പിച്ച് നിശ്ചിത വ്യോമപാതകളിലൂടെയാണ് സർവീസുകൾ തുടരുന്നത്.പ്രവർത്തന സാഹചര്യങ്ങൾ, നിയന്ത്രണങ്ങൾ, പൊതു സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയ്ക്ക് വിധേയമായി വിമാന സമയക്രമങ്ങളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും കമ്പനി അറിയിച്ചു.
ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളിലൂടെ തങ്ങളുടെ ആഗോള ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഖത്തർ എയർവേയ്സ് 'എക്സ്' (X) പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.











