
ദോഹ: ലോകത്തെ മികച്ചവിമാനത്താവളമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്കായി ഖത്തർ എയർവേയ്‌സ് പുതിയ ഓൺലൈൻ ബുക്കിംഗ് ഓഫറുകൾ പ്രഖ്യാപിച്ചു. TRAVEL26 എന്ന പ്രൊമോഷണൽ കോഡ് ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് അടിസ്ഥാന നിരക്കിൽ 12% വരെ ഇളവ് ലഭിക്കും.ജൂലൈ 1 മുതൽ ഡിസംബർ 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭ്യമാണ്. 2026 ഡിസംബർ 31 വരെയുള്ള യാത്രകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ലോകമെമ്പാടുമുള്ള 160-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് നേരിട്ട് നടത്തുന്ന സർവീസുകൾക്കും, പാർട്ണർ എയർലൈനുകളുമായി ചേർന്ന് നടത്തുന്ന കോഡ്-ഷെയർ സർവീസുകൾക്കും ഓഫർ ബാധകമാണ്.
കുറഞ്ഞത് 7 ദിവസത്തെ സ്റ്റേയും പരമാവധി 3 മാസത്തെ സ്റ്റേയും ഉള്ള യാത്രക്കാർക്കാണ് ഓഫർ ലഭ്യമാകുക. ഈജിപ്തിൽ നിന്ന് പുറപ്പെടുന്ന ഖത്തർ എയർവേയ്‌സ് വിമാനങ്ങൾക്കാണ് ഈ ഇളവ് ബാധകം.ഇക്കണോമി, ബിസിനസ് ക്ലാസുകളിലെ വൺ-വേ, റിട്ടേൺ ടിക്കറ്റുകൾക്ക് പ്രൊമോ കോഡ് ഉപയോഗിക്കാം.
ഓഫർ ലഭിക്കുന്ന വിമാനങ്ങൾക്ക് ബുക്കിംഗ് സമയത്ത് "Promotional code applied" എന്ന് രേഖപ്പെടുത്തിയിരിക്കും. ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, മൊബൈൽ മണി, ബാങ്ക് ട്രാൻസ്ഫർ എന്നിവ വഴി പേയ്മെൻ്റുകൾ നടത്താം. സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് ഓഫർ കാലയളവിൽ എത്ര തവണ വേണമെങ്കിലും ഈ കോഡ് ഉപയോഗിക്കാമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു











