12:08pm 13 November 2026
NEWS
നാസയുടെ ആദരവിൽ ഖത്തറിന്റെ ആകാശം; വിസ്മയമായി റബീഅ അൽകുവാരിയുടെ 'ബ്ലൂ ഹോഴ്സ് ഹെഡ് നെബുല'
08/04/2026  09:46 PM IST
nila
നാസയുടെ ആദരവിൽ ഖത്തറിന്റെ ആകാശം; വിസ്മയമായി റബീഅ അൽകുവാരിയുടെ ബ്ലൂ ഹോഴ്സ് ഹെഡ് നെബുല

ദോഹ: ഖത്തറിലെ തെളിഞ്ഞ ആകാശത്ത് വിരിഞ്ഞ പ്രപഞ്ച വിസ്മയം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നു. ഖത്തറി ആസ്ട്രോഫോട്ടോഗ്രാഫറായ റബീഅ അൽകുവാരി പകർത്തിയ 'ബ്ലൂ ഹോഴ്സ് ഹെഡ് നെബുല'യുടെ (Blue Horsehead Nebula) മനോഹര ചിത്രം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ (NASA) തങ്ങളുടെ 'അസ്ട്രോണമി പിക്ചർ ഓഫ് ദി ഡേ' (APOD) ആയി തിരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് അൽകുവാരിയുടെ ചിത്രത്തിന് നാസയുടെ ഈ ആഗോള അംഗീകാരം ലഭിക്കുന്നത്.ഭൂമിയിൽ നിന്നും പ്രകാശവർഷങ്ങൾ അകലെ സ്ഥിതി ചെയ്യുന്ന 'IC 4592' എന്നറിയപ്പെടുന്ന ഈ നെബുല, തന്മാത്രാ മേഘങ്ങളിൽ നക്ഷത്രങ്ങളുടെ പ്രകാശം പ്രതിഫലിക്കുമ്പോഴാണ് ദൃശ്യമാകുന്നത്. ഓറിയോൺ നക്ഷത്രസമൂഹത്തിലെ പ്രശസ്തമായ ഹോഴ്സ് ഹെഡ് നെബുലയിൽ നിന്ന് വ്യത്യസ്തമായി, ഇതിന്റെ നീല നിറം ശ്രദ്ധേയമാണ്. ഇതിന് സമീപമുള്ള 'നു സ്കോർപിയൈ' (Nu Scorpii) നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശം ബഹിരാകാശത്തെ സൂക്ഷ്മമായ പൊടിപടലങ്ങളിൽ തട്ടി ചിതറി തെറിക്കുന്നതിനാലാണ് (Scattering) ഈ നീലനിറം കൈവരുന്നത്.ഖത്തറിലെ സൗദ നതീൽ എന്ന പ്രദേശത്ത് നിന്നാണ് ഏഴ് രാത്രികൾ നീണ്ടുനിന്ന കഠിനമായ പ്രയത്നത്തിലൂടെ അൽകുവാരി ഈ ചിത്രം പകർത്തിയത്.ടെലസ്കോപ്പിന്റെ പരിധിയിൽ ഒതുങ്ങാത്ത അത്ര വലുപ്പമുള്ള ഈ നെബുലയുടെ പൂർണ്ണരൂപം പകർത്താൻ രണ്ട് ഭാഗങ്ങളായി ചിത്രങ്ങൾ എടുത്ത് അവ കൂട്ടിയിണക്കിയാണ് (Stitching) അദ്ദേഹം പൂർത്തിയാക്കിയത്.ആകാശത്ത് മേഘങ്ങൾ കുറവായ ഖത്തറിലെ കാലാവസ്ഥ ആസ്ട്രോഫോട്ടോഗ്രഫിക്ക് ഏറെ അനുയോജ്യമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
​ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ മെക്കാനിക്കൽ എഞ്ചിനീയറായ അൽകുവാരിയുടെ ഈ നേട്ടം, ഖത്തറിലെ ശാസ്ത്ര-കലാ അഭിരുചികൾക്ക് ലഭിച്ച വലിയൊരു അംഗീകാരമാണ്. ചിത്രത്തിൽ ഐസി 4592-ന് പുറമെ മറ്റൊരു പ്രതിഫലന നെബുലയായ ഐസി 4601-ഉം ദൃശ്യമാണ്. പ്രപഞ്ചത്തിന്റെ നിഗൂഢമായ ആഴങ്ങളിലെ രൂപങ്ങളെ ഭൂമിയിലുള്ള വസ്തുക്കളുമായി സാമ്യപ്പെടുത്തി കാണുന്നത് ഒരു പ്രത്യേക അനുഭൂതിയാണെന്ന് അൽകുവാരി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img