
ദോഹ: എഐ (Artificial Intelligence) സാങ്കേതികവിദ്യ ഉപയോഗിച്ച് ആളുകളുടെ രൂപവും ശബ്ദവും വ്യാജമായി നിർമ്മിച്ച് (Deepfakes) നടത്തുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ശക്തമായ ജാഗ്രതാ മുന്നറിയിപ്പ് നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI). ഡിജിറ്റൽ ലോകത്ത് കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളിൽ വഞ്ചിക്കപ്പെടാതിരിക്കാൻ അതീവ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
"നിങ്ങൾ കാണുന്നതും കേൾക്കുന്നതുമായ എല്ലാം സത്യമാകണമെന്നില്ല" എന്ന് സോഷ്യൽ മീഡിയയിലൂടെ ഓർമ്മിപ്പിച്ച മന്ത്രാലയം, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തികളുടെ ശബ്ദവും വീഡിയോകളും കൃത്രിമമായി നിർമ്മിച്ച് ആൾമാറാട്ടം നടത്താൻ എളുപ്പമാണെന്നും ചൂണ്ടിക്കാട്ടി.ഡിജിറ്റൽ മാധ്യമങ്ങളിൽ കാണുന്ന സന്ദേശങ്ങളോ വീഡിയോകളോ വിശ്വസിക്കുന്നതിനോ മറ്റുള്ളവർക്ക് പങ്കുവെക്കുന്നതിനോ മുൻപ് അവയുടെ സത്യാവസ്ഥയും ഉറവിടവും കൃത്യമായി പരിശോധിക്കുക.പരിചയക്കാരുടെയോ പ്രമുഖരുടെയോ രൂപത്തിലോ ശബ്ദത്തിലോ വരുന്ന അടിയന്തര സാമ്പത്തിക സഹായ അഭ്യർത്ഥനകളും മറ്റും നേരിട്ട് വിളിച്ച് ഉറപ്പുവരുത്താതെ വിശ്വസിക്കരുത്.വഞ്ചനാപരമായ ഇത്തരം ആൾമാറാട്ട തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാൻ ഡിജിറ്റൽ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കുക.
സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതും അവയിൽ അകപ്പെടുന്നതും തടയാൻ എല്ലാവരും ജാഗരൂകരാകണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.










