
കിംഗ്സ്റ്റൺ:ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷന് (UNCLOS) ഖത്തറിന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രസ്താവന പുറപ്പെടുവിച്ചു. സമുദ്രോപരിതലത്തിലെ വിഭവങ്ങളുടെ ഉത്തരവാദിത്തമുള്ള ഉപയോഗവും സമുദ്ര പരിസ്ഥിതി സംരക്ഷണവും തമ്മിൽ കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ ആഹ്വാനം ചെയ്തു.
ജമൈക്കയിലെ കിംഗ്സ്റ്റണിൽ ജൂലൈ 27 മുതൽ 31 വരെ നടക്കുന്ന ഇന്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ (ISA) 31-ാമത് സമ്മേളനത്തിലാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്. സമ്മേളനത്തിൽ ലോ ഓഫ് ദി സീ സ്റ്റാൻഡിംഗ് കമ്മിറ്റി സെക്രട്ടറി ഒമർ അലി അൽ അലി ഖത്തറിനെ പ്രതിനിധീകരിച്ചു.
അന്താരാഷ്ട്ര സമുദ്രഭാഗങ്ങൾ മനുഷ്യരാശിയുടെ പൊതു സ്വത്താണെന്നും അവയുടെ പരിപാലനം ശാസ്ത്രീയവും സുതാര്യവുമായ രീതിയിലായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീരുമാനങ്ങളെടുക്കുന്നതിൽ എല്ലാ അംഗരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണവും തുറന്ന സംവാദങ്ങളും വേണമെന്ന് ആവശ്യപ്പെട്ട ഖത്തർ, ഈ മേഖലയിൽ മറ്റു അംഗരാജ്യങ്ങളുമായി ചേർന്നുപ്രവർത്തിക്കാനുള്ള സന്നദ്ധതയും അറിയിച്ചു.











