
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ മന്ത്രിസഭയുടെ പതിവ് യോഗം ചേർന്നു. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നടത്തുന്ന നയതന്ത്ര നീക്കങ്ങളെ യോഗം അഭിനന്ദിച്ചു.ഒമാൻ സുൽത്താനുമായുള്ള കൂടിക്കാഴ്ച, പാകിസ്ഥാൻ പ്രധാനമന്ത്രി, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്, തുർക്കി പ്രസിഡന്റ്, ജോർദാൻ കിരീടാവകാശി എന്നിവരുമായി അമീർ നടത്തിയ ചർച്ചകൾ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഊർജ്ജ വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വലിയ പങ്കുവഹിച്ചതായി മന്ത്രിസഭ വിലയിരുത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ കൂടുതൽ ശക്തമാക്കുന്നതിനും മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുമുള്ള മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും സഹകരിക്കുമെന്ന് മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.അന്താരാഷ്ട്ര ഗതാഗത ഫോറത്തിൽ (ITF) ഖത്തർ അംഗമാകുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയുമായി ബന്ധപ്പെട്ട നിയമ ഭേദഗതികളും യോഗം ചർച്ച ചെയ്തു.
റിയാദിൽ നടന്ന റിയൽ എസ്റ്റേറ്റ് ഫ്യൂച്ചർ ഫോറം, ബഹ്‌റൈനിൽ നടന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ യോഗം, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി കമ്മിറ്റി റിപ്പോർട്ട് എന്നിവയും യോഗം അവലോകനം ചെയ്തു. നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദിയാണ് യോഗ തീരുമാനങ്ങൾ വിശദീകരിച്ചത്.










