
ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയുടെ നിർദ്ദേശാനുസരണം, ഭൂകമ്പം നാശം വിതച്ച വെനസ്വേലയിലേക്ക് ഖത്തറിന്റെ അടിയന്തര വ്യോമ സഹായ പാത (എയർ ബ്രിഡ്ജ്) ആരംഭിച്ചു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനാ (ലഖ്വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും രാജ്യാന്തര രക്ഷാപ്രവർത്തനങ്ങൾക്ക്കരുത്തുപകരാനുമാണ് ഖത്തർ ഈ അടിയന്തര സഹായ ഹസ്തവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഔദ്യോഗിക 'എക്സ്' (X) ഹാൻഡിലിലൂടെയാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സൗഹൃദ രാജ്യമായ വെനസ്വേലയിലേക്ക് പുറപ്പെട്ട പ്രത്യേക വിമാനങ്ങളിൽഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ടീമും (ലഖ്വിയ), അത്യാധുനിക ഫീൽഡ് ഹോസ്പിറ്റലുകളും, വിദഗ്ധ മെഡിക്കൽ സംഘങ്ങളും, വൻതോതിലുള്ള അടിയന്തര ദുരിതാശ്വാസ സാമഗ്രികളും ഉൾപ്പെടുന്നു.
ദുരന്തമുഖങ്ങളിൽ എന്നും സഹായവുമായി ഓടിയെത്തുന്ന ഖത്തറിന്റെ മാനുഷിക മൂല്യങ്ങളുടെയും രാജ്യാന്തര ഐക്യദാർഢ്യത്തിന്റെയും മറ്റൊരു ഉദാഹരണമായി ഈ ദൗത്യം മാറുകയാണ്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാരക്കാസിലെ രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ ഖത്തറിന്റെ ഈ അടിയന്തര ഇടപെടൽ വലിയ സഹായമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











