
ദോഹ: കടുത്ത കാലാവസ്ഥാ വെല്ലുവിളികളെ അത്യാധുനിക സാങ്കേതികവിദ്യയിലൂടെ മറികടന്ന് ഖത്തറിന്റെ കാർഷിക മേഖലയിൽ വൻ വിപ്ലവം. കൃഷിക്ക് യോഗ്യമായ ഭൂമി 2 ശതമാനത്തിൽ താഴെ മാത്രം ഉള്ളതും, കടുത്ത വേനലിൽ താപനില 45 ഡിഗ്രി സെൽഷ്യസ് കടക്കുന്നതുമായ ഖത്തറിൽ, പരമ്പരാഗത കൃഷിരീതികളിൽ നിന്ന് മാറി ഡിജിറ്റൽ-സ്മാർട്ട് കാർഷിക രീതികൾ അവലംബിച്ചതാണ് ഈ നേട്ടത്തിന് കാരണമായത്.
സർക്കാർ നൽകുന്ന ശക്തമായ പിന്തുണയോടെ സ്വകാര്യ മേഖല നടത്തിയ വൻ നിക്ഷേപങ്ങളാണ് രാജ്യത്തിന്റെ ഭക്ഷ്യോത്പാദന രംഗത്തെ മാറ്റിമറിച്ചത്. 2024 ഡിസംബറിൽ പ്രഖ്യാപിച്ച 'നാഷണൽ ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജി 2030'-ന്റെ ഭാഗമായി അത്യാധുനിക സാങ്കേതികവിദ്യകൾക്കും സ്മാർട്ട് ഫാമിംഗിനും രാജ്യം വലിയ മുൻഗണനയാണ് നൽകുന്നത്.ഖത്തർ യൂണിവേഴ്സിറ്റി, ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി, ഖത്തർ റിസർച്ച് ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ നഗരസഭാ മന്ത്രാലയവുമായി സഹകരിച്ച് മരുഭൂമിക്ക് അനുയോജ്യമായ കൃഷിരീതികളെക്കുറിച്ച് നിരന്തരം ഗവേഷണങ്ങൾ നടത്തുന്നുണ്ട്. ഭക്ഷ്യസംസ്കരണ മേഖലയിലും വലിയ പുരോഗതി കൈവരിച്ച ഖത്തറിൽ നിലവിൽ 138-ലധികം ഭക്ഷ്യസംസ്കരണ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്.











