
ദോഹ:ലോകമെമ്പാടുമുള്ള വാർത്തകളും സോഷ്യൽ മീഡിയ ഉള്ളടക്കങ്ങളും വിവിധ ഭാഷകളിൽ തത്സമയം നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി 'സർദ്' (Sard) എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ട് ഖത്തർ വിദേശകാര്യ മന്ത്രാലയം (MoFA). വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയാണ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ആഗോളതലത്തിലുണ്ടാകുന്ന നയതന്ത്ര, രാഷ്ട്രീയ മുന്നേറ്റങ്ങളും പ്രസക്തമായ വിവരങ്ങളും കൃത്യസമയത്ത് നിരീക്ഷിച്ച് മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യകൾ മന്ത്രാലയത്തിന്റെയും വിദേശത്തുള്ള നയതന്ത്ര ദൗത്യങ്ങളുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്താനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായാണ് 'സർദ്' അവതരിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി, ജർമ്മനിയിലെ ഖത്തർ അംബാസഡർ അബ്ദുള്ള ബിൻ ഇബ്രാഹിം അൽ ഹമർ എന്നിവരുൾപ്പെടെ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.










