അൻവറിന്റെ മനസ്സിൽ ലഡു പൊട്ടി !

കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങൾ ഈ പ്രശ്നങ്ങളെല്ലാം മറികകടക്കാൻ യു.ഡി.എഫിന് സഹായകരമാകും
തിരുവനന്തപുരം : തന്നെയും തന്റെ ഓഫീസിനേയും സംശയത്തിന്റെ നിഴലിൽ നിര്‍ത്തുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത പി.വി. അൻവര്‍ എം.എൽ.എയെ അകത്താക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വസിക്കാം. അദ്ദേഹത്തിന് ഇതൊരു മധുരപ്രതികാരം കൂടിയാണ്. എന്നാൽ അൻവറിനെ സംബന്ധിച്ചിടത്തോളം ഇത് മുന്നോട്ടുള്ള യാത്രയ്ക്ക് വര്‍ദ്ധിതവീര്യം പകരുന്ന ശക്തിമരുന്നാണ്. നിലമ്പൂരില്‍ കാട്ടാനആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിന്റെ പാര്‍ട്ടി (ഡി.എം.കെ.) പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് അൻവര്‍ അകത്താകുന്നത്.
അൻവര്‍ നേരിട്ട് അക്രമങ്ങൾക്ക് ഇറങ്ങിയില്ലെങ്കിലും കലാപത്തിന് ആഹ്വാനം ചെയ്തു എന്നതാണ് ചാര്‍ത്തപ്പെട്ടിരിക്കുന്ന കുറ്റം. സംഭവത്തിന്റെ ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തം അൻവറിന് തന്നെയാണ്. എന്നാൽ നിലമ്പൂരിലെ വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം അൻവര്‍ ചെയ്തത് ശരിയാണ്. അദ്ദേഹം പൊരുതാനിറങ്ങിയത് ജനങ്ങൾക്കുവേണ്ടിയാണ്. ആ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു എങ്കിൽ സ്വാഭാവികമായിട്ടും പൊലീസും സര്‍ക്കാരും ഇവിടെ ജനവിരുദ്ധരായി ചിത്രീകരിക്കപ്പെടും. ഇത് 2026ലെ തിരഞ്ഞെടുപ്പിൽ അൻവറിന്റെ ജയസാദ്ധ്യത വര്‍ദ്ധിപ്പിക്കും. മാത്രമല്ല, പിണറായിക്കെതിരെ പൊരുതിയ ധീരൻ എന്ന ഇമേജ് നിലമ്പൂരിനപ്പുറം ഏറനാട്ടുപോലും പ്രതിഫലിക്കാൻ സാദ്ധ്യതയുണ്ട്.
നേരത്തേ തന്നെ അൻവറുമായി പിൻവാതിൽ ചര്‍ച്ചകൾ നടത്തിയിരുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് അടുക്കാൻ കാത്തിരിക്കുകയായിരുന്നു. അതായത് കാലാവധി ശേഷിക്കാൻ ആറുമാസം ബാക്കി നിൽക്കെ അൻവറിനെ ചാടിച്ച് യു.ഡി.എഫിലെത്തിക്കാനും അതിലൂടെ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കി പൊതുതിരഞ്ഞെടുപ്പിലൂടെ അൻവറിന്റെ ഹാട്രിക് ഉറപ്പിക്കാനുമായിരുന്നു ചര്‍ച്ചകൾ നടന്നത്. അതേസമയം, ഷെയ്ഡി കാരക്ടര്‍ ആയ അൻവറിനെ കൂടെക്കൂട്ടുന്നതിൽ കുറേയധികം റിസ്ക് എലമെന്റ്സ് ഉണ്ട് എന്നവര്‍ക്കറിയാം. എന്നാൽ കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങൾ ഈ പ്രശ്നങ്ങളെല്ലാം മറികകടക്കാൻ യു.ഡി.എഫിന് സഹായകരമാകും. ഇനി അൻവറിന്റെ യു.ഡി.എഫ്. പ്രവേശം കോൺഗ്രസ് വഴിയാകുമോ ലീഗ് വഴിയാകുമോ എന്നതുമാത്രമാണ് അറിയാനുള്ളത്.
Photo Courtesy - Google











