
നിലമ്പൂരില്‍ അന്‍വര്‍ നല്‍കിയിരുന്ന ഒരുസെറ്റ് നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നൽകിയ പത്രികയാണ് തള്ളിയത്. രണ്ടുസെറ്റ് പത്രികകളാണ് അൻവർ നൽകിയിരുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിലാണ് മറ്റൊരു പത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതോടെ നിലമ്പൂരിൽ അൻവറിന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് വഴിതെളിയുന്നത്.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല തൃണമൂൽ കോൺഗ്രസ്. ഈ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന് പത്രിക തള്ളിയത്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഓഫീസില്‍ പത്രികയില്‍ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്തേക്ക് അന്‍വര്‍ നേരിട്ടെത്തിയിരുന്നു. അതേസമയം, വിഷയത്തില്‍ അഭിഭാഷകര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാനവട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ സ്വതന്ത്രനായി മറ്റൊരു പത്രികകൂടി നല്കിയ കാര്യം അന്‍വര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്ന പുതിയ മുന്നണി രൂപവത്കരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ത്തന്നെയാണ് മുന്നണി.











