
പി.വി. അൻവറിനെ വിട്ടുകളയേണ്ടെന്ന് യുഡിഎഫ്. നിലമ്പൂരിലെ മുൻ എംഎൽഎയെ മുന്നണിയുമായി സഹകരിപ്പിക്കാൻ ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇതുസംബന്ധിച്ച തുടർ ചർച്ചകൾക്കും തീരുമാനങ്ങൾക്കുമായി പ്രതിപക്ഷ നേതാവിനെ യോഗം ചുമതലപ്പെടുത്തി. അൻവറിന്റെ പാർട്ടിയെ മുന്നണിയിലെടുക്കണോ അതോ പുറത്തുനിർത്തി സഹകരണം മാത്രം മതിയോ എന്ന കാര്യത്തിലാണ് ഇനി തീരുമാനം വേണ്ടത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുക്കവെയാണ് അൻവറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച നിർണായക തീരുമാനം യുഡിഎഫ് കൈക്കൊള്ളുന്നത്. ഉപതിരഞ്ഞെടുപ്പിനു മുൻപ് മുന്നണി പ്രവേശനം വേണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനു പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന തൃണമൂൽ കോൺഗ്രസുമായി കൈകോർക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിലെ താൽപര്യ കുറവാണ് തീരുമാനം വൈകാൻ കാരണം.
യുഡിഎഫുമായി തെരഞ്ഞെടുപ്പിൽ സഹകരിക്കുകയും എന്നാൽ മുന്നണിക്കുള്ളിലിൽ ഇല്ലാത്തതുമായ ചില പാർട്ടികളുണ്ട്. ആർഎംപി അത്തരമൊരു പാർട്ടിയാണ്. കെ കെ രമ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തത് യുഡിഎഫിന്റെ പിന്തുണയോടെയാണ്. എന്നാൽ, രമയുടെ പാർട്ടിയായ ആർഎംപി യുഡിഎഫിന്റെ ഭാഗമല്ല. ഇത്തരത്തിൽ പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെയും സഹകരിപ്പിക്കുന്നത് സംബന്ധിച്ചാകും കോൺഗ്രസ് മുന്നോട്ട് വെക്കുന്ന നിർദ്ദേശം.











