12:13am 05 September 2026
NEWS
കോൺഗ്രസിലെ ഇടം ലീഗിന്റെ സഹായം തേടി പി.വി. അൻവർ; ചർച്ചകൾ സജീവം
28/05/2025  08:04 AM IST
സുരേഷ് വണ്ടന്നൂർ
കോൺഗ്രസിലെ  ഇടം ലീഗിന്റെ സഹായം തേടി പി.വി. അൻവർ; ചർച്ചകൾ സജീവം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, യു.ഡി.എഫ് പ്രവേശനം വൈകുന്നതിൽ അതൃപ്തനായ പി.വി. അൻവർ മുസ്‌ലിം ലീഗിന്റെ സഹായം തേടി. യു.ഡി.എഫിൽ ഉറച്ച സ്ഥാനവും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റും ഉറപ്പിക്കാനാണ് അൻവർ ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടത്.
ലീഗ് മധ്യസ്ഥതയ്ക്ക്, കോൺഗ്രസ് കരുതലിൽഇന്നലെ രാവിലെ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയ അൻവർ, മാധ്യമശ്രദ്ധ ഒഴിവാക്കി പിൻവാതിലിലൂടെയാണ് പ്രവേശിച്ചത്. കുഞ്ഞാലിക്കുട്ടിയെ കൂടാതെ പി.എം.എ. സലാമും ചർച്ചയിൽ പങ്കെടുത്തു. കൂടാതെ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായും അൻവർ ഫോണിൽ സംസാരിച്ചു. യു.ഡി.എഫ് പ്രവേശനത്തിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റെന്ന ആവശ്യത്തിലും കോൺഗ്രസിൽ നിന്ന് ഉറപ്പ് വാങ്ങി നൽകണമെന്നാണ് അൻവറിന്റെ പ്രധാന ആവശ്യം.

അൻവറിന്റെ ആവശ്യങ്ങൾ കോൺഗ്രസിന് മുന്നിൽ അവതരിപ്പിക്കാമെന്ന് ലീഗ് നേതൃത്വം അറിയിച്ചെങ്കിലും മറ്റ് ഉറപ്പുകളൊന്നും നൽകിയിട്ടില്ല. ആര്യാടൻ ഷൗക്കത്തിനെതിരെ അൻവർ നടത്തിയ വിമർശനങ്ങളിൽ ലീഗ് അതൃപ്തി രേഖപ്പെടുത്തുകയും വിവാദപരമായ പരാമർശങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അൻവറിനെ ഒപ്പം നിർത്തണമെന്ന അഭിപ്രായം ലീഗിനുണ്ടെങ്കിലും, ഇപ്പോൾ പരസ്യ പ്രതികരണം എടുത്തുചാട്ടമാണെന്ന് ലീഗ് വിലയിരുത്തുന്നു. ജയപരാജയങ്ങളെ സ്വാധീനിക്കാനുള്ള ശേഷി അൻവറിന് ഇല്ലെന്ന് ലീഗ് കരുതുന്നുണ്ടെങ്കിലും, അൻവർ ഉയർത്തുന്ന ആരോപണങ്ങളും വിവാദങ്ങളും സി.പി.എം മുതലെടുക്കുമോ എന്ന ആശങ്ക അവർക്കുണ്ട്.

നിലവിൽ അൻവറിനെ യു.ഡി.എഫിൽ ഉൾപ്പെടുത്തുന്നത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കാമെന്നാണ് കോൺഗ്രസിന്റെ നിലപാട്. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാത്രമാണ് അൻവറിനോട് അനുകൂല നിലപാട് സ്വീകരിച്ചത്. "അൻവർ ഒരു അസറ്റല്ലേ.." എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നിലമ്പൂരിൽ കോൺഗ്രസ് നേതൃയോഗത്തിന് ശേഷം, തിരഞ്ഞെടുപ്പിൽ എന്ത് നിലപാടെടുക്കണമെന്ന് അൻവർ ആണ് തീരുമാനിക്കേണ്ടതെന്ന് വ്യക്തമാക്കി. അൻവർ സഹകരിച്ചാൽ ഒരുമിച്ച് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറും കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്തും അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തി ചർച്ച നടത്തി. സൗഹൃദ സന്ദർശനമെന്നാണ് ഇരുവരും ഇതിനെ വിശേഷിപ്പിച്ചത്.

"ഉടൻ തീരുമാനമുണ്ടാകും" - അൻവർ

യു.ഡി.എഫിൽ എടുക്കാമെന്ന് പറയുന്നുണ്ടെങ്കിലും പ്രവേശനം വൈകുന്നതിൽ അൻവർ അതൃപ്തി പ്രകടിപ്പിച്ചു. "ഘടകകക്ഷിയാക്കണമെന്നതിൽ ഉറച്ചുനിൽക്കുന്നു. കോൺഗ്രസ് തീരുമാനം പറയട്ടെ. മത്സരിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയുന്നില്ല. എല്ലാ കാര്യങ്ങളിലും ഉടൻ തീരുമാനമുണ്ടാകും. കോൺഗ്രസിൽ നിന്ന് ഉത്തരവാദപ്പെട്ട ആരും വിളിച്ചില്ല," പി.കെ. കുഞ്ഞാലിക്കുട്ടിയെ കണ്ടശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം

പി.വി. അൻവറിന്റെ ആരോപണങ്ങൾ തനിക്ക് അത്ഭുതമുണ്ടാക്കിയെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ആരോപണങ്ങൾക്ക് പാർട്ടിയും യു.ഡി.എഫ് നേതൃത്വവും മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിന്റെ വികസന മുരടിപ്പും വന്യജീവി ശല്യവും ആദിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമെല്ലാമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു. "വിവാദങ്ങൾ ഇഷ്ടപ്പെടുന്നയാളല്ല ഞാൻ. നിലമ്പൂർ തിരിച്ച് പിടിക്കുക എന്നതായിരുന്നു പിതാവിന്റെ (ആര്യാടൻ മുഹമ്മദ്) അഭിലാഷം. അതിന്റെ സഫലീകരണമാണ് ഈ തിരഞ്ഞെടുപ്പിൽ നടക്കേണ്ടത്," ഷൗക്കത്ത് പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ മധ്യസ്ഥത ശ്രമങ്ങൾ യു.ഡി.എഫിലെ അൻവറിന്റെ ഭാവിക്ക് വഴിതെളിക്കുമോ എന്ന് കണ്ടറിയണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img