
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനാണ് പിണറായി വിജയനെന്ന് അൻവർ ആരോപിച്ചു. പിണറായി വിജയൻ ആദ്യം വഞ്ചിച്ചത് വി.എസ്.അച്യുതാനന്ദനെയാണെന്നും അൻവർ പറഞ്ഞു. വി.എസിനെ വഞ്ചിച്ചാണ് പിണറായി മുഖ്യമന്ത്രിയായതെന്നും അൻവർ കൂട്ടിച്ചേർത്തു.
2021ലെ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണെന്ന് അൻവർ അവകാശപ്പെട്ടു. അന്ന് ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെ പിണറായിക്ക് പിന്തുണ നൽകി. അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. മുനമ്പത്തെ മനുഷ്യരെയും പിണറായി വഞ്ചിച്ചെന്നും അൻവർ പറഞ്ഞു. കർഷകരോട് കൊടുംവഞ്ചന നടത്തിയ മുഖ്യമന്ത്രിയാണ് കേരളത്തിലേത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജപ്തി നടന്നത് നിലമ്പൂരിലാണ്. വഞ്ചകനായ മുഖ്യമന്ത്രിയ്ക്കും സർക്കാരിനും തിരിച്ചടി കൊടുക്കാനുള്ള സമയമാണ് ഈ ഉപതിരഞ്ഞെടുപ്പെന്നും അൻവർ പറഞ്ഞു.
ചതിയുടെ പരിണിതഫലമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പെന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ പറഞ്ഞത്. നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഇതിനു മറുപടിയായാണ് അൻവർ ഇന്നു വാർത്താസമ്മേളനം നടത്തിയത്.











