
നിലമ്പൂരിൽ എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ജയിക്കുമെന്ന് നിലമ്പൂരിലെ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. എൽഡിഎഫിനെതിരേ ഏത് ചെകുത്താൻ മത്സരിച്ചാലും ആരായാലും അയാൾ കേരളത്തിലെ ജനങ്ങളുടെ പ്രതിനിധിയാണെന്നായിരുന്നു അൻവറിന്റെ പ്രതികരണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അൻവറിന്റെ പ്രതികരണം. നിലമ്പൂരിലേത് പിണറായിസത്തിനും മരുമോനിസത്തിനുമെതിരേയുള്ള പോരാട്ടമായിരിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു.
യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിയ്ക്കും നിരുപാധിക പിന്തുണ നൽകുമെന്നും പി വി അൻവർ പറഞ്ഞു. ആരെ മത്സരിപ്പിക്കണമെന്ന് യുഡിഎഫിന് തന്നോട് ചോദിക്കേണ്ട ആവശ്യമില്ലെന്നും അൻവർ വ്യക്തമാക്കി.
നിലമ്പൂരിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും അൻവർ പറഞ്ഞു. കോടികളുടെ വികസനം എന്നൊക്കെ സർക്കാർ പറയുന്നു. നിലമ്പൂരിൽ എഴുപത് ശതമാനം വനമാണ്. ഓരോ ദിവസവും വന്യജീവി ആക്രമണമാണ്. കൃഷി തകരുന്നു. ജീവിതം ദുസ്സഹമാകുന്നു. ഇതെല്ലാം വലിയ വിഷയങ്ങളാണ്.
പ്രദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനോടൊപ്പം കേരളം ചർച്ച ചെയ്യാൻ പോകുന്നത് കുടുംബാധിപത്യവും പിണറായിസവും മരുമോനിസമാണെന്നും അൻവർ കൂട്ടിച്ചേർത്തു.











